'മനസ്സുകളെ ചേര്‍ത്തിണക്കുന്നു, നാളെയെ നിര്‍മിക്കുന്നു' (Connecting Minds, Creating Future) എന്നാണ് എക്‌സ്‌പോ 2020 മുന്നോട്ട് വെക്കുന്ന ആപ്തവാക്യം. ഗോള്‍ഡന്‍ എഗ്ഗില്‍ എഴുതിയിരിക്കുന്ന അറബിക് വാക്കുകള്‍ വായിക്കാന്‍ ശ്രമിച്ചാല്‍, സ്വാതന്ത്ര്യം, അന്വേഷണം, ഐക്യം, വെളിച്ചം, സ്‌നേഹം, കരുണ, വികസനം തുടങ്ങിയ അര്‍ഥങ്ങള്‍ ലഭിക്കും. ഭാവി നിര്‍മിക്കപ്പെടേണ്ടത് എങ്ങനെയൊക്കെ ആയിരിക്കണമെന്ന വ്യക്തമായ സൂചനയാണത് നല്‍കുന്നത്.
ദുബായ് എക്‌സ്‌പോക്ക് തിരശ്ശീല വീഴുകയാണ്. ആദ്യമായാണ് ഒരു ഗ്ലോബല്‍ ഇവന്റിന്റെ ഭാഗമാവാന്‍ കഴിയുന്നത്. ലോകം ഒരുമിച്ച് ചേരുന്നിടത്ത് ഉണ്ടായിരിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് തോന്നുന്നു, എന്നെ സംബന്ധിച്ചെങ്കിലും അതങ്ങനെയല്ല.
കൊവിഡ് കാരണം എക്‌സ്‌പോ രണ്ട് വര്‍ഷം നീണ്ടുപോയതുകൊണ്ട് മാത്രം ലഭിച്ച സൗഭാഗ്യം. മനുഷ്യന്റെ യാത്രകളെ, ലക്ഷ്യങ്ങളെ, ഭാഗ്യ നിര്‍ഭാഗ്യങ്ങളെ നിര്‍ണയിക്കുന്നത് ഒരു രോഗമാവുന്ന കാലത്തെ കുറിച്ച് നമുക്ക് സങ്കല്‍പിക്കാനാവുമായിരുന്നില്ല അല്‍പം മുമ്പ് വരെ. ഇപ്പോള്‍ നമ്മളത് അനുഭവിച്ച് കൊണ്ടിരിക്കുന്നു. അല്ലെങ്കിലും, നമുക്ക് നമ്മെ കുറിച്ച് എന്തറിയാമായിരുന്നെന്നാണ്?
‘മനസ്സുകളെ ചേര്‍ത്തിണക്കുന്നു, നാളെയെ നിര്‍മിക്കുന്നു’ (Connecting Minds, Creating Future) എന്നാണ് എക്‌സ്‌പോ 2020 മുന്നോട്ട് വെക്കുന്ന ആപ്തവാക്യം. ചേര്‍ന്നിരിക്കാനാവാത്ത മനുഷ്യരുള്ള നാടിന്റെ പ്രതിനിധിയായാണല്ലോ ഞാനിവിടെയുള്ളത് എന്ന ബോധ്യം വേദനിപ്പിക്കുന്നതാണ്.
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബായ് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് 2002ല്‍ സറൂഖ് അല്‍ ഹദീദ് പ്രദേശത്ത് നിന്ന് കണ്ടെടുത്ത, 4000 വര്‍ഷം പഴക്കം രേഖപ്പെടുത്തിയ സ്വര്‍ണ മോതിരങ്ങളാണ് എക്‌സ്‌പോ ലോഗോക്ക് പിന്നിലെ പ്രചോദനം.
ചരിത്ര പ്രതാപത്തെ ഭാവിയുടെ മുതല്‍ക്കൂട്ടായി കാണുമ്പോള്‍ തന്നെ, പ്രാചീന സംസ്‌കാരങ്ങളുടെ സംയോജന ഭൂമിയായിരുന്ന ഈ പ്രദേശത്തെ, എക്കാലവും വിവിധ സംസ്‌കാരങ്ങളുടെ സൗഹൃദ കേന്ദ്രമായി നിലനിര്‍ത്താനുള്ള സന്ദേശം കൂടിയാണ് ലോഗോ മുന്നോട്ടുവെക്കുന്നത്, എന്നാണ് മുഹമ്മദ് ബിന്‍ റാഷിദ് പറയുന്നത്.
വിവിധ സംസ്‌കാരങ്ങളെ ചേര്‍ത്തുപിടിച്ച ചരിത്രം നമുക്കുമുണ്ട്. ആര്‍ക്കിയോളജി വിഭാഗം കുഴിച്ചെടുത്ത് കണ്ടെത്തേണ്ടാത്ത വിധം അത് വ്യക്തവും പ്രത്യക്ഷവുമായിരുന്നു താനും.
പ്രവേശന കവാടം കഴിഞ്ഞ് ആദ്യം കാണുന്ന കാഴ്ചകളിലൊന്ന് ഗോള്‍ഡന്‍ എഗ്ഗാണ്. ഭാവിയില്‍ വിരിയാനിരിക്കുന്ന അറിവിനെയും ആശയങ്ങളെയുമാണത് പ്രതിനിധാനം ചെയ്യുന്നത്. മെച്ചപ്പെട്ട ആശയങ്ങളിലേക്കുള്ള മനുഷ്യന്റെ നിലക്കാത്ത പരിണാമത്തിന് നന്ദിയായി സമര്‍പ്പിക്കപ്പെട്ടതാണത്.
ഗോള്‍ഡന്‍ എഗ്ഗില്‍ എഴുതിയിരിക്കുന്ന അറബിക് വാക്കുകള്‍ വായിക്കാന്‍ ശ്രമിച്ചാല്‍, സ്വാതന്ത്ര്യം, അന്വേഷണം, ഐക്യം, വെളിച്ചം, സ്‌നേഹം, കരുണ, വികസനം തുടങ്ങിയ അര്‍ഥങ്ങള്‍ ലഭിക്കും. ഭാവി നിര്‍മിക്കപ്പെടേണ്ടത് എങ്ങനെയൊക്കെ ആയിരിക്കണമെന്ന വ്യക്തമായ സൂചനയാണത് നല്‍കുന്നത്.
ഗ്ലോബല്‍ ഇവന്റുകളുടെ മുദ്രാവാക്യങ്ങള്‍ കാലാകാലങ്ങളില്‍ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അതില്‍ പുതുമയൊന്നുമില്ല. പ്രവര്‍ത്തികളാണ് പ്രധാനം.
192 രാജ്യങ്ങളുള്‍പ്പെടെ ഇരുന്നൂറ് പ്രതിനിധികളാണ് ഇത്തവണ എക്‌സ്‌പോയില്‍ ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും സ്വന്തമായി പവലിയന്‍ ഉണ്ടായിരുന്ന ആദ്യത്തെ എക്‌സ്‌പോ. മുഴുവന്‍ രാജ്യങ്ങളെയും പങ്കെടുപ്പിക്കുക എന്നതായിരുന്നു അറബ് എമിറേറ്റ്‌സിന്റെ തീരുമാനം. വെല്ലുവിളികള്‍ നിറഞ്ഞ ആ ദൗത്യമാണ് നടപ്പാക്കപ്പെട്ടത്.
തികഞ്ഞ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അഫ്ഗാന് പങ്കെടുക്കാനായത്. സിറിയന്‍ പവലിയന്റെ മുഴുവന്‍ ചെലവും വഹിച്ചത് ആതിഥേയരാണ്. യു.എ.ഇയുടെ അകമഴിഞ്ഞ സഹായമില്ലായിരുന്നെങ്കില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടാതെ പോകുമായിരുന്നെന്ന് ലെബനന്‍ ആവര്‍ത്തിക്കുന്നുണ്ട്.
എക്‌സ്‌പോയെ കുറിച്ച് പലരുമായും സംസാരിച്ചിരുന്നു. നല്ലതും മോശവും അഭിപ്രായങ്ങള്‍ കേട്ടിരുന്നു. ഒരേ പവലിയനില്‍ തന്നെ പലരും കണ്ടത് പലതായിരുന്നു. കാഴ്ചകളും കാഴ്ചപ്പാടുകളും വ്യത്യസ്തമായിരുന്നു.
ഞാന്‍ കണ്ടത്, എല്ലാ രാജ്യങ്ങളും ഒരുപോലെ സ്വീകരിക്കപ്പെട്ടതാണ്. അടിച്ചമര്‍ത്തപ്പെട്ടവരും ആക്രമിക്കപ്പെട്ടവരും തഴയപ്പെട്ടില്ല എന്നതാണ്. തുല്യമായ പ്രതിനിധാനത്തെയാണ്, ചേര്‍ത്തുപിടിക്കലിന്റെ രാഷ്ട്രീയത്തെയാണ്. അസാധ്യമെന്ന് ഇന്നോളം നിനച്ചിരുന്ന ആ മഹത്തായ സങ്കല്‍പത്തിന്റെ അതിശയിപ്പിക്കുന്ന സാധ്യതയാണ്…
നന്ദി ദുബായ്…
Content Highlight: Muhsina Mubaraka on Dubai Expo, 2022 as an event of representation