വയനാടിന്റെ വികസനത്തിനായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിനായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എം.പി രാഹുല്‍ ഗാന്ധി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഭിന്നത മാറ്റിവെക്കണമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മണ്ഡലത്തിലെത്തിയതായിരുന്നു രാഹുല്‍.
നാല് ദിവസം നീളുന്ന മണ്ഡല പര്യടനത്തിന്റെ ആദ്യ ദിനത്തില്‍ ജില്ലയിലെ ആറ് ഇടങ്ങളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു സന്ദര്‍ശനം. നാളെയും രാഹുല്‍ ജില്ലയില്‍ തങ്ങും.
ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. തലപ്പുഴ ചുങ്കത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം റിലീഫ് കിറ്റുകളുടെ വിതരണവും നിര്‍വ്വഹിച്ചു.
തുടര്‍ന്ന് അന്തരിച്ച ഐ.എന്‍.ടി.യു.സി നേതാവ് യേശുദാസിന്റെ വീട്ടിലും രാഹുല്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പ്രളയ ബാധിതരെ കാണാന്‍ വാളാട് പ്രദേശത്തെത്തി. ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും വരെ കേന്ദ്ര സര്‍ക്കാരിലും കേരള സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
പ്രളയക്കെടുതി അനുഭവിച്ച തൊണ്ടര്‍ന്നാട് പഞ്ചായത്തിലെ മക്കിയാടും ഇടവക ചാമാടിപൊയിലിലെ ആദിവാസി കോളനിയിലും രാഹുല്‍ സന്ദര്‍ശനം നടത്തി.
മാനന്തവാടി ചെറുപുഴയിലായിരുന്നു സമാപന പരിപാടി. അടുത്തദിവസം ജില്ലയിലെ കൂടുതല്‍ ആദിവാസി ഊരുകള്‍ രാഹുല്‍ സന്ദര്‍ശിക്കും.