ഇഷ്ടമുള്ള സീറ്റില്‍ ഇരിക്കാന്‍ എം.പിയെ അനുവദിച്ചില്ല; എയര്‍ഹോസ്റ്റസിനേയും ഗ്രൗണ്ട് സ്റ്റാഫിനേയും സുധാകരന്റെ അനുയായി ഭീഷണിപ്പെടുത്തിയെന്ന് ആര്‍.ജെ. സൂരജ്
Kerala News
ഇഷ്ടമുള്ള സീറ്റില്‍ ഇരിക്കാന്‍ എം.പിയെ അനുവദിച്ചില്ല; എയര്‍ഹോസ്റ്റസിനേയും ഗ്രൗണ്ട് സ്റ്റാഫിനേയും സുധാകരന്റെ അനുയായി ഭീഷണിപ്പെടുത്തിയെന്ന് ആര്‍.ജെ. സൂരജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th October 2021, 8:54 am

കോഴിക്കോട്: കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ കൂടെയുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അതേ വിമാനത്തില്‍ യാത്ര ചെയ്ത ആര്‍.ജെ. സൂരജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സൂരജ് സംഭവം വിശദീകരിക്കുന്നത്.

വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ആവശ്യം നിരാകരിച്ച എയര്‍ഹോസ്റ്റസിനോടും ഗ്രൗണ്ട് സ്റ്റാഫിനോടും സുധാകരന്റെ കൂടെ വന്നയാള്‍ തട്ടിക്കയറുകയായിരുന്നു.

വിമാനത്തില്‍ 19 FD & 18 FD സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. വരുമ്പോള്‍ തന്നെ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ആര്‍.ജെ. സൂരജ് പറഞ്ഞു.

‘ആദ്യമായി ഇങ്ങനൊരു സീന്‍ കാണുന്ന ഞാന്‍ ഇതിനിടയില്‍ 18 D യില്‍ ഇരിക്കുന്ന എം.പിയോട് സൗഹാര്‍ദ്ദപൂര്‍വ്വം പറഞ്ഞു, സാര്‍ ഫ്ളൈറ്റില്‍ ഇതുപോലെ ഒരു സീന്‍ ഉണ്ടാക്കിയാല്‍ അതിന്റെ നാണക്കേട് താങ്കള്‍ക്ക് തന്നെയാണ്. എല്ലാവരും ഒരുപോലെയുള്ള യാത്രക്കാരല്ലേ ഇവിടെ. ബാക്കില്‍ താങ്കളുടെ പേരിലാണ് ബഹളം നടക്കുന്നത് എന്ന്. ഉടന്‍ കാര്യം മനസിലാക്കിയ എം.പി എഴുന്നേറ്റ് ബാക്കില്‍ ചെന്ന് ആ കയറു പൊട്ടിച്ചു നിന്ന ചേട്ടനോട് ‘മതി.. വിട്ടേക്ക് ‘ എന്ന് പറഞ്ഞു,’ സൂരജ് പറയുന്നു.

വിമാനമിറങ്ങിയ ശേഷം സുധാകരന്റെ അനുയായിയോട് സംസാരിച്ചപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനെ സസ്‌പെന്റ് ചെയ്യാന്‍ പോവുകയാണെന്നാണ് പറഞ്ഞതെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

ആര്‍.ജെ. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

സംഭവത്തെക്കുറിച്ച് ആര്‍ജെ സൂരജ് പറഞ്ഞത്: നേരില്‍ കണ്ട കാര്യം സത്യസന്ധമായി പറയാന്‍ മടിക്കേണ്ടതില്ലല്ലോ.. ഒക്ടോബര്‍ 24 ന് വൈകിട്ട് കൊച്ചി കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ 20 A സീറ്റ് യാത്രക്കാരനായിരുന്നു ഞാന്‍..വിമാനത്തിലേക്ക് ഏറ്റവും അവസാനമായി MP ശ്രീ സുധാകരന്‍ കടന്നു വന്നു.. അദ്ദേഹത്തിനൊപ്പം കറുപ്പു ഷര്‍ട്ടും വെള്ള ഷര്‍ട്ടുമിട്ട രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.. വിമാനത്തില്‍ 19 FD & 18 FD സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.. ബാക്കില്‍ നിന്ന് വരുമ്പോള്‍ തന്നെ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. അദ്ദേഹം MP ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ് പറഞ്ഞു ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ല..

അദ്ദേഹം അല്‍പം രോഷത്തോടെ ചോദിച്ചു നിങ്ങള്‍ എപ്പോഴും ഇതൊക്കെ നോക്കിയാണോ പോകാറുള്ളത്.. ഞാന്‍ ഈ വിമാനത്തില്‍ ഒരു സ്ഥിരം യാത്രക്കാരനാണ്..

എയര്‍ഹോസ്റ്റസ് മറുപടി നല്‍കി, സ്ഥിരം യാത്രക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയുമല്ലോ സാര്‍..

തുടര്‍ന്ന് അദ്ദേഹം അസ്വസ്ഥതയോടെ ഒഴിഞ്ഞു കിടന്ന 18 D സീറ്റില്‍ ഇരുന്നു.. ഏറ്റവും ബാക്കിലെ സീറ്റായിരുന്നു എന്റേത് അവിടെയായിരുന്നു ഈ സംഭവങ്ങള്‍ നടക്കുന്നത്..ഇതിനിടയില്‍ എന്റെ സീറ്റിനടുത്തിരുന്ന ഒരാള്‍ എയര്‍ ഹോസ്റ്റസിനോടും, ഫ്ലൈറ്റ് ഡോറിനടുത്ത് ഒരു കണ്‍ഫ്യൂഷന്‍ കണ്ട് പുറത്തുനിന്ന് കയറി വന്ന മലയാളിയായ ഗ്രൗണ്ട് സ്റ്റാഫിനോടുമായി പറഞ്ഞു അദ്ദേഹം MP ആണെന്ന്..

അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു ഫ്ലൈറ്റില്‍ MP ആയാലും സെയിം തന്നെ എന്ന്..ഇതു കേട്ടുകൊണ്ട് കടന്നു വന്ന MP ക്കൊപ്പ വെള്ള ഷര്‍ട്ടുകാരന്‍ ഫുള്‍ ബഹളം തുടങ്ങി..’നീ നിന്റെ പേരു പറയെടാ..’ എന്നൊക്കെ പറഞ്ഞ് ഫുള്‍ ഒച്ചപ്പാട്.. എയര്‍ ഹോസ്റ്റസ് ആകെ ടെന്‍ഷനായപോലെ.. ഫ്ലൈറ്റിലെ മറ്റൊരു യാത്രക്കാരും ഇങ്ങനൊരു സംഭവമേ അറിയുന്നില്ലാത്ത പോലെ..!

ആദ്യമായി ഇങ്ങനൊരു സീന്‍ കാണുന്ന ഞാന്‍ ഇതിനിടയില്‍ 18 D യില്‍ ഇരിക്കുന്ന MP യോട് സൗഹാര്‍ദ്ദപൂര്‍വ്വം പറഞ്ഞു.. സാര്‍ ഫ്ലൈറ്റില്‍ ഇതുപോലെ ഒരു സീന്‍ ഉണ്ടാക്കിയാല്‍ അതിന്റെ നാണക്കേട് താങ്കള്‍ക്ക് തന്നെയാണ്.. എല്ലാവരും ഒരുപോലെയുള്ള യാത്രക്കാരല്ലേ ഇവിടെ.. ബാക്കില്‍ താങ്കളുടെ പേരിലാണ് ബഹളം നടക്കുന്നത് എന്ന്.. ഉടന്‍ കാര്യം മനസിലാക്കിയ MP എഴുന്നേറ്റ് ബാക്കില്‍ ചെന്ന് ആ കയറു പൊട്ടിച്ചു നിന്ന ചേട്ടനോട് ‘മതി.. വിട്ടേക്ക് ‘ എന്ന് പറഞ്ഞു.. എന്നിട്ടും അയാള്‍ ചൂടാകുന്നുണ്ടായിരുന്നു.. ഇടയില്‍ ആ ചെറുപ്പക്കാരന്‍ എയര്‍ ഹോസ്റ്റസിനോട് പറയുന്നത് കേട്ടു.. താന്‍ MP യോട് ക്ഷമ പറയണം എന്നാണ് വെള്ളഷര്‍ട്ടുകാരന്‍ ആവശ്യപ്പെടുന്നതെന്ന്..! ഗ്രൗണ്ട് സ്റ്റാഫായതിനാല്‍ ആ ചെറുപ്പക്കാരന്‍ ഉടന്‍ തന്നെ കൊച്ചിയില്‍ ഇറങ്ങി..!

വെള്ള ഷര്‍ട്ടുകാരന്‍ എയര്‍ ഹോസ്റ്റസിനോട് പറഞ്ഞു അവന്റെ ഡീറ്റെയില്‍സ് പറഞ്ഞു തരാതെ കണ്ണൂരിലെത്തിയാല്‍ താന്‍ ഈ ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങില്ല എന്ന്..! (ഈ ഫ്ലൈറ്റ് പറക്കുമ്പോഴാണ് ഞാന്‍ ഈ ഭാഗം വരെ എഴുതുന്നത്.. അയാള്‍ കണ്ണൂരില്‍ ഇറങ്ങുമോ ഇല്ലയോ എന്ന് ലാസ്റ്റ് കണ്ടിട്ട് പറയാം..)

അത്ഭുതമെന്തെന്നാല്‍ എല്ലാ സീറ്റിലും നിറഞ്ഞിരിക്കുന്ന ഒരു മനുഷ്യന്‍ പോലും ഈ സംഭവമൊന്നും കേട്ടതോ കണ്ടതോ ആയ ഭാവം പോലും നടിക്കുന്നില്ല.. ഞാന്‍ നാട്ടില്‍ അധികം ഇല്ലാത്തതു കൊണ്ടും വല്ലപ്പോഴും മാത്രം ഡൊമസ്റ്റിക് ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നതുകൊണ്ടും ഇവിടെ ഇതൊക്കെ സ്ഥിരം ഇങ്ങനെയാണോ എന്നെനിക്കറിയില്ല.. ഒരുപക്ഷേ അതാവാം ആരും ഒരക്ഷരം മിണ്ടാത്തത്..!

ഒടുവില്‍ ഞാന്‍ തന്നെ അയാളോട് പറഞ്ഞു.. ‘സഹോദരാ ഇത്രേം യാത്രക്കാരുടെ മുന്നില്‍ ഇങ്ങനെ ഷോ കാണിച്ച് നിങ്ങള്‍ എന്തിനാണ് MP യുടെ വില കളയുന്നത്..? അയാള്‍ ചെയ്തതില്‍ എന്താണ് തെറ്റ്..? അയാള്‍ അയാളുടെ ജോലിയല്ലേ ചെയ്തത്..?’

അതു കേട്ടപ്പൊ എന്നെ രൂക്ഷമായി നോക്കി അയാള്‍ മുന്നിലേക്ക് പോയി..കൂടെ MP യും മുന്നിലേക്ക് പോയി ഒരു സീറ്റില്‍ ഇരുന്നു..

ഇതൊക്കെ കണ്ടപ്പൊ എനിക്ക് പറയാനുള്ളത് ഇത്രേയുള്ളൂ.. ജനങ്ങളെക്കാള്‍ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധികള്‍.. അത് കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ബി ജെ പി എന്നൊന്നുമില്ല.. ജനങ്ങള്‍ക്കുള്ള പ്രിവിലേജിനപ്പുറം അവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ പോലും അതേ ജനങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നിടത്ത് തനിക്ക് മാത്രം പ്രിവിലേജ് വേണമെന്ന് വാശി പിടിക്കുന്നത് മോശം..

അടുത്തകാര്യം, അദ്ദേഹം ചെയ്തത് ശെരിയല്ലെന്ന് വ്യക്തമായി മനസിലായിട്ടും അദ്ദേഹം ആ വിഷയം ഒഴിവാക്കി സീറ്റില്‍ ചെന്ന് ഇരുന്നിട്ടും തന്റെ ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താന്‍ കൂടെയുള്ള വെള്ള ഷര്‍ട്ടുകാരനും കറുപ്പു ഷര്‍ട്ടുകാരനും കാണിച്ച പെരുമാറ്റം വറും തെമ്മാടിത്തരം..

അവര്‍ മനസിലാക്കേണ്ടതെന്തെന്നാല്‍ അവര്‍ MP യുടെ കൂടെ നടക്കുനവരും പാര്‍ട്ടിക്കാരുമൊക്കെയായിരിക്കും പക്ഷേ നിങ്ങളും ഞങ്ങളെ പോലെ സാധാരണ പൊതുജനം മാത്രമാണ്.. MP ജനപക്ഷത്ത് നിന്ന് എളിമകാണിക്കേണ്ടതിലും പത്തിരട്ടി എളിമ അദ്ദേഹത്തിന്റെ കൂടെ ഉള്ളവര്‍ കാണിക്കണം.. അല്ലെങ്കില്‍ അത് നിങ്ങളെ കൊണ്ടു നടക്കുന്നവര്‍ക്ക് തന്നെ നാണക്കേടാകുന്ന കാര്യമാകും..!

ഒരു കാര്യം കൂടി.. അത് ആ ഫ്ലൈറ്റിലുള്ള മറ്റു പൊതു ജനങ്ങളോടാണ്.. ശെരിയല്ലാത്ത കാര്യം മുന്നില്‍ കണ്ടാല്‍ നേരില്‍ പ്രതികരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കെവിടെ നിന്ന് നഷ്ടപ്പെട്ടു..?

ഫേസ്ബുക്കില്‍ കമന്റ് ബോക്സില്‍ ഘോരഘോരം എഴുതുന്നവരും വാഗ്വാദം നടത്തുന്നവരും ഈ വിമാനത്തിലുണ്ടാകാം.. ഒരാളു പോലും ഇങ്ങനൊരു സംഭവം മൈന്റ് ചെയ്തില്ല..! നാട്ടില്‍ വന്ന മാറ്റത്തിലും സ്വഭാവത്തിലും അതിശയം തോന്നുന്നു..!

ഒന്നുകൂടി പറയട്ടേ ഈ എഴുത്ത് രാഷ്ട്രീയപരമല്ല.. എനിക്കൊരു രാഷ്ട്രീയം ഉണ്ടെങ്കിലും ഞാന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമല്ല.. എന്റെ കണ്മുന്നില്‍ കണ്ടത് കുറിച്ചു അത്രേയുള്ളൂ.. ജനങ്ങള്‍ക്കുള്ള അതേ അവകാശങ്ങളാണ് ജനപ്രതിനിധികള്‍ക്കും അവരുടെ കൂടെ ഉള്ളവര്‍ക്കും വേണ്ടതെന്ന് മാത്രം.. ഏത് രാഷ്ട്രീയത്തിലുള്ളവരായാലും അവര്‍ ചുരുങ്ങിയത് പൊതു ഇടങ്ങളിലെങ്കിലും പെരുമാറേണ്ട നല്ല രീതി ഓര്‍മ്മിപ്പിച്ചെന്ന് മാത്രം..

NB: ഒടുവില്‍ 13 DF സീറ്റിലെ മറ്റൊരു യാത്രക്കാരനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി MP യെ ഒറ്റക്കിരുത്തി എയര്‍ ഹോസ്റ്റസ് പ്രശ്നം പരിഹരിച്ചു.. ഒടുവില്‍ ഈ വിഷയത്തില്‍ ഇടപെട്ടതുകൊണ്ടാവണം അവള്‍ എന്നോട് വന്ന് ചോദിച്ചു..

‘Sir are you ok sir..?’

ഞാന്‍ പറഞ്ഞു ‘I don’t have any issue dear.. Its my first time I am facing such a situation in flight, Thats why interrupted..! ‘

അതായത് ഞാന്‍ പറഞ്ഞു.. ‘ഡിയര്‍ എനിക്കൊരു പ്രശ്നവുമില്ല.. ഞാന്‍ വിമാനത്തില്‍ ആദ്യമായാണ് ഇങ്ങനൊരു സാഹചര്യം കണ്മുന്നില്‍ കാണുന്നത്.. അതുകൊണ്ടാണ് ഇടപെട്ടത്..! ‘

അതു കേട്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടായി..! അതായത്..

‘ഞങ്ങള്‍ക്ക് ഇത് ശീലമാണ് സര്‍..!’

വാലറ്റം : ഇത് കണ്ണൂരില്‍ എത്തിയ ശേഷമുള്ള കഥ, ആ ഫ്ലൈറ്റ് ഇറങ്ങിയ ശേഷം കൈയില്‍ ഗോള്‍ഡന്‍ ചങ്ങലയിട്ട വെളുത്ത ഷര്‍ട്ടുകാരന്‍ പുറത്തിറങ്ങുമ്പോള്‍ എയര്‍ഹോസ്റ്റസിനോട് നേരത്തെ പറഞ്ഞ ഗൗണ്ട് സ്റ്റാഫിന്റെ ഡീറ്റെയില്‍സ് ചോദിച്ചു.. അവര്‍ അറിയില്ലെന്ന് പറഞ്ഞു.. പിന്നീട് എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുമ്പൊ കണ്ട കാഴ്ച MP എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥരോടും ഇന്‍ഡിഗോ ഉദ്യോഗസ്ഥനോടും സംസാരിക്കുന്നു.. ശേഷം ബോഡിംഗ് പാസ് കാണിച്ച് ഹെല്‍ത്ത് ക്ലിയറന്‍സ് സ്ലിപ്പ് വാങ്ങേണ്ട ക്യൂവില്‍ എല്ലാരും നില്‍ക്കുമ്പോള്‍ ക്യൂ ശ്രദ്ധിക്കാതെ അധികൃതര്‍ക്കൊപ്പം മൂന്നു പേരും പുറത്തേക്ക്.. അത് സാരമില്ല ആ പ്രിവിലേജ് നമ്മുടെ ജനപ്രതിനിധിക്ക് നമുക്ക് നല്‍കാം.. പക്ഷേ പിന്നീട് എയര്‍പ്പോര്‍ട്ടിന് പുറത്ത് അദ്ദേഹത്തിന്റെ കാറില്‍ ഇരുന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥന്റെ ഫോണില്‍ ആരെയോ വിളിച്ച് ഈ പ്രശ്നങ്ങള്‍ വിവരിക്കുന്നു..

ഇത്രയും എഴുതിയെങ്കിലും ഇത് പോസ്റ്റ് ചെയ്യാന്‍ തോന്നിപ്പിക്കുന്നത് പിന്നീടുണ്ടായ സംഭവമാണ്.. MP ഫോണില്‍ സംസാരിക്കവേ വെള്ള ഷര്‍ട്ടുകാരനോട് ഞാന്‍ പറഞ്ഞു നിങ്ങള്‍ ഈ കാണിക്കുന്ന ഷോ ബോറാണ്.. കാരണം ആ പയ്യന്‍ അവന്റെ ജോലിയാണ് ചെയ്തത്..

‘അവനെ സസ്പന്റ് ചെയ്യാന്‍ പോകുകയാണ് ഭായി’ എന്ന് ആ വെള്ള ഷര്‍ട്ടുകാരന്‍ വളരെ സിമ്പിളായി പറഞ്ഞു.

‘അയാള്‍ ചെയ്ത തെറ്റെന്താണ്..?’ ഞാന്‍ ചോദിച്ചു..

‘അവന്‍ പറഞ്ഞതെന്താണെന്ന് നിങ്ങള്‍ കേട്ടോ..?’

‘ആ കേട്ടു.. ഞാനായിരുന്നു ലാസ്റ്റ് സീറ്റില്‍.. MP ആയാലും ഫ്ലൈറ്റില്‍ സെയിം ആണെന്ന് പറഞ്ഞു..’

‘അല്ല.. MP കോപ്പാണെന്ന് പറഞ്ഞു..’

‘ഞാന്‍ അങ്ങനൊന്ന് കേട്ടില്ല.. പക്ഷേ ഈ നിസ്സാരകാര്യത്തിന് നിങ്ങളീ കാണിക്കുന്ന പെരുമാറ്റം MP ക്ക് തന്നെ മോശമാണ്..’

ഞാന്‍ പിന്നെയും സംസാരിച്ചപ്പോള്‍..

‘നിങ്ങളോട് ഇതൊന്നും സംസാരിക്കേണ്ട കാര്യം എനിക്കില്ല’ എന്ന് അയാള്‍ പറഞ്ഞു..

ഇത് ശ്രദ്ധിച്ച MP ഇടപെട്ട് അയാളോട് പറഞ്ഞു..

‘വേണ്ടാത്ത സംസാരം ഒഴിവാക്ക്..’

തുടര്‍ന്ന് വെള്ള ഷര്‍ട്ടുകാരന്‍ വണ്ടിയുടെ ബാക്ക് സീറ്റില്‍ കയറിയിരുന്ന് എന്നെ രൂക്ഷമായിത്തന്നെ നോക്കി ഒന്ന് തലയാട്ടി കടന്നു പോയി..!

രാഷ്ട്രീയം ഓരോരുത്തര്‍ക്കും നല്ലത് തന്നെയാണ് പക്ഷേ ഏതു രാഷ്ട്രീയം ഉള്ളയാളായാലും അല്‍പം മയത്തിലാകാം ഇടപെടലുകള്‍.. ഈ എഴുത്തില്‍ എന്റെ രാഷ്ട്രീയം ചികയുന്നവര്‍ക്ക് വ്യത്യസ്ഥമായ രാഷ്ട്രീയം കണ്ടെത്താം പക്ഷേ ഒരു രാഷ്ട്രീയത്തിനും ഞാന്‍ എന്നെ പണയം വച്ചിട്ടില്ല അതില്‍നിന്ന് ആദായവും പറ്റുന്നില്ല.. സൊ കണ്മുന്നില്‍ കണ്ട ശെരിയല്ലാത്ത കാര്യം തുറന്നെഴുതിയെന്ന് മാത്രം.. അതാരു ചെയ്യുന്നത് നേരില്‍ ബോധ്യപ്പെട്ടാലും പറയാന്‍ മടിയില്ലതാനും..

സ്വന്തം ജോലി ചെയ്തതിന്റെ പേരില്‍ ആ ചെറുപ്പക്കാരന് ജോലി പോകാതിരിക്കട്ടേ.. പൊതു പ്രവര്‍ത്തകരും പ്രത്യേകിച്ച് അവരുടെ അനുയായികളും പൊതുജനങ്ങളോട് അല്‍പം കൂടി മയത്തോടെ പെരുമാറട്ടേ.. അത്രേള്ളൂ ഈ എഴുത്തിന്റെ ചുരുക്കം.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MP K Sudhakaram Indigo Flight aide issue RJ Sooraj