national news
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരൻ: യോഗി സർക്കാരിൽ വ്യാപകമായ അഴിമതിയെന്ന് ബി.ജെ.പി എം.എൽ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 4:17 pm

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ആണ് നിലവിലുള്ളതെന്ന വിമർശനവുമായി ബി.ജെ.പി എം.എൽ.എ. ലോണിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ നന്ദ് കിഷോർ ഗുർജാറിന്റേതാണ് പരാമർശം. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.

ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എം.എൽ.എ ആരോപിച്ചു.

ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എം.എൽ.എയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ ആരോപണവുമായി രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ എം.എൽ.എ, പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചു.

യോഗി ആദിത്യനാഥിനെ ചീഫ് സെക്രട്ടറി മന്ത്രവാദത്തിലൂടെ ബന്ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘മഹാരാജ് ജിയെ (യോഗി ആദിത്യനാഥ്‌) മന്ത്രവാദത്തിലൂടെ ചീഫ് സെക്രട്ടറി ബന്ധിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി. ഉദ്യോഗസ്ഥർ അയോധ്യയിൽ ഭൂമി കൊള്ളയടിച്ചു. ഉത്തർപ്രദേശിൽ നടന്നതുപോലെ അഖണ്ഡഭാരതത്തിൽ എവിടെയും ഇത്രയധികം അഴിമതി നടന്നിട്ടില്ല. എന്നാൽ മാധ്യമങ്ങൾ ഇവിടെ രാമരാജ്യം ഉണ്ടെന്ന് കാണിക്കുന്നു,’ എം.എൽ.എ പറഞ്ഞു.

സംസ്ഥാനത്ത് ഗോവധം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ആളുകൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണെന്നും ഗുർജാർ ആരോപിച്ചു.

ലോണിയിൽ അനുമതിയില്ലാതെ നടത്തിയ കലശയാത്ര പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസും ഗുർജാറിന്റെ അനുയായികളും തമ്മിൽ ഏറ്റുമുട്ടിയതെന്ന് അങ്കുർ വിഹാർ എസി.പി അജയ് കുമാർ സിങ് പറഞ്ഞു. സംഘർഷത്തിനിടെ ഗുർജാറിന്റെ അനുയായികൾ പൊലീസിനും യു.പി സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. അതേസമയം അനുമതിയില്ലാതെയാണ് യാത്ര സംഘടിപ്പിച്ചത് എന്ന ആരോപണം ഗുർജാർ നിഷേധിച്ചു.

ലോണിയിലെ സ്ത്രീകൾ ‘രാം കലാഷ് യാത്ര’ നടത്തുകയായിരുന്നുവെന്ന് ഗുർജാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ പൊലീസ് അത് തടയാൻ ശ്രമിച്ചുവെന്നും അത് സംഘർഷത്തിലേക്ക് നയിച്ചെന്നും അദ്ദേഹം ആരോപിച്ചു. രാം കലാഷ് യാത്ര പരമ്പരാഗതമാണെന്നും ഈ വർഷം മുമ്പ് സംഘാടകർ അനുമതി തേടിയിട്ടില്ലെന്നും ഗുർജാർ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: ‘Most Corrupt Ever’: BJP MLA Calls Out Widespread Corruption in Adityanath Govt