ചെന്നൈ: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച വിജയ് ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് മികച്ച വിജയം. കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, കള്ളക്കുറിച്ചി, വില്ലുപുരം, റാണിപേട്ട്, തിരുപട്ടൂര്‍, തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങള്‍ ജയിച്ചത്.
വിജയ് ഫാന്‍സിലെ 115 അംഗങ്ങളാണ് ജയിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് നേരത്തെ ആരാധകര്‍ക്ക് അനുമതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രവും കൊടിയും ഉപയോഗിച്ച് പ്രചാരണം നടത്താനും മത്സരിക്കാനുമാണ് വിജയ് അനുമതി നല്‍കിയത്.
ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളിലാണ് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 12 നാണ് ഫലം പുറത്തുവന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് വേണം മത്സരിക്കാനെന്നും വിജയ് ആരാധകരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്രരായിട്ടാണ് ആരാധകര്‍ മത്സരിച്ചത്.
നേരത്തെ വിജയിയുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ആരാധക സംഘടനയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയത്.
എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തിയിരുന്നു. തന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.