Advertisement
Kerala News
കാര്‍ഷിക വായ്പകളിലെ മൊറട്ടോറിയം; സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 30, 11:20 am
Saturday, 30th March 2019, 4:50 pm

തിരുവനന്തപുരം: കാര്‍ഷിക വായ്പകളിലെ ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള അപേക്ഷയിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കറാം മീണ. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ അന്തിമ തീരുമാനമെടുക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

നേരത്തെ ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയതിന്റെ ഉത്തരവ് ഫയല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി മടക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ചോദിച്ചാണ് ആദ്യം ഫയല്‍ മടക്കിയത്. മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കും: അമിത് ഷാ

തുടര്‍ന്ന് കര്‍ഷകരുടെ ദുരിതവും ദയനീയാവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് ആവശ്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായി ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.

കൃഷിക്കാരുടെ പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള ആത്മഹത്യകളും മുന്‍കൂട്ടി കാണാവുന്നതല്ലെന്നും സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ALSO READ: ഗോരഖ്പൂരിലും കാണ്‍പൂരിലും എസ്.പി സ്ഥാനാര്‍ത്ഥികളായി നിഷാദ് സമുദായംഗങ്ങള്‍; നടപടി നിഷാദ് പാര്‍ട്ടിയുടെ നീക്കം തടയാന്‍

പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പ് ഉത്തരവ് ഇറക്കിയില്ലെന്നതില്‍ കാര്യമില്ലെന്നും 2018 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് എല്ലാ വായ്പകളിലുമുള്ള ജപ്തി നടപടികള്‍ക്ക് അടുത്ത ഒക്ടോബര്‍ 11 വരെ മൊറട്ടോറിയം നിലവിലുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. അത് ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള തീരുമാനമാണ് മന്ത്രിസഭ എടുത്തത്.

WATCH THIS VIDEO: