കൊച്ചി: ക്രൈംബ്രാഞ്ച് നിരത്തിയ തെളിവുകള്‍ നിഷേധിച്ച് പുരാവസ്തു ഇടപാടില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍.
പരാതിക്കാര്‍ക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും 5 പരാതിക്കാര്‍ക്കുമായി നല്‍കാനുള്ളത് 4 കോടി മാത്രമാണെന്നുമാണ് ചോദ്യം ചെയ്യലില്‍ മോന്‍സന്‍ പറഞ്ഞത്. ഇതില്‍ 75 ലക്ഷം രൂപ സഹായി ഷിബുവിന്റെ അക്കൗണ്ട് വഴിയാണ് നല്‍കിയത്. ബാക്കി പണമായി നേരിട്ട് വാങ്ങി. 4 കോടി വാങ്ങിയതിന് കരാറുണ്ടെന്നും മോന്‍സന്‍ മാവുങ്കല് പറഞ്ഞു.
അതേസമയം മോന്‍സന്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും ഉള്‍പ്പെട്ടതായ പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചെന്നാണ് കേസ്. ഒരു കോടി 72 ലക്ഷം മോണ്‍സണ്‍ തട്ടിയെടുത്തെന്ന് രാജീവ് ശ്രീധരന്‍ പറഞ്ഞു.
മോന്‍സന്റെ സഹായി ജോഷിയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. 50 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് 14 കാറുകളും തട്ടിയെടുത്തതായും പരാതി നല്‍കി. രണ്ട് കേസിലും ക്രൈംബ്രാഞ്ച് മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ മോന്‍സനെതിരെ ഒരു ആശാരി കൂടി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ 3 പ്രതിമകള്‍ മോന്‍സന് നല്‍കി. 80 ലക്ഷം രൂപക്കായിരുന്നു കരാറെങ്കിലും 7.3 ലക്ഷമാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ നിജസ്ഥിതി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.
ഇന്നലെ മൂന്നു മണിക്കൂറാണ് മോന്‍സനെ ചോദ്യം ചെയ്തത്. രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ ചോദ്യം ചെയ്യല്‍ ഒമ്പത് മണിയോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. അതേസമയം മോന്‍സന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ബാക്കിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കലിനെ മൂന്നു ദിവസത്തേക്കാണ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിനായി മോന്‍സനെ ഇന്ന് ചേര്‍ത്തലയിലെ വീട്ടില്‍ കൊണ്ടുപോയെക്കും. സാമ്പത്തിക തട്ടിപ്പില്‍ പരാതിക്കാരായവരുടെ മൊഴി രേഖപ്പെടുത്താന്‍ ഓഫീസില്‍ എത്തി ച്ചേരണമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.