മഴയിലും തളരാത്ത പോരാട്ടവീര്യം! ഇന്ത്യൻ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശിന്റെ കടുവ
Cricket
മഴയിലും തളരാത്ത പോരാട്ടവീര്യം! ഇന്ത്യൻ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശിന്റെ കടുവ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 12:53 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാണ്‍പൂരില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം തടസപ്പെടുകയായിരുന്നു. നാലാം ദിവസം മഴ മാറിയതോടെ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ മത്സരം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ്.

നാലാം ദിവസം ബംഗ്ലാദേശിനായി സെഞ്ച്വറി നേടിക്കൊണ്ട് മോമിനുൽ ഹഖ് ക്രീസില്‍ തുടരുകയാണ്. 176 പന്തില്‍ 102 റണ്‍സ് നേടികൊണ്ടാണ് താരം തന്റെ ബാറ്റിങ് തുടരുന്നത്. 16 ഫോറുകളും ഒരു സിക്‌സുമാണ് മോമിനുൽ ഇതിനോടകം തന്നെ നേടിയത്.  അന്താരാഷ്ട്ര റെഡ് ബോള്‍ ക്രിക്കറ്റിലെ തന്റെ 13ാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും മോമിനുൽ സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ബാറ്റര്‍ എന്ന നേട്ടമാണ് മോമിനുള്‍ സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ഇന്ത്യയില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിനായി സെഞ്ച്വറി നേടിയത് മുഷ്ഫിഖുര്‍ റഹീമാണ്. 2017ല്‍ ഹൈദരാബാദില്‍ നടന്ന മത്സരത്തിലായിരുന്നു
മുഷ്ഫിഖുര്‍ സെഞ്ച്വറി നേടിയത്.

ആ മത്സരത്തില്‍ 262 പന്തില്‍ 127 റണ്‍സ് നേടിയാണ് മുഷ്ഫിഖുര്‍ തിളങ്ങിയത്. 16 ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. എന്നാൽ മുഷ്ഫിഖുർ സെഞ്ച്വറി നേടിയിട്ടും ബംഗ്ലാദേശ് മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ 208 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്.

അതേസമയം മോമിനുലിന് പുറമെ ക്യാപ്റ്റന്‍ നജ്മുല്‍  ഹുസൈന്‍ ഷാന്റോ 57 പന്തില്‍ 31 റണ്‍സും ഷാദ്മാന്‍ ഇസ്‌ലാം 36 പന്തില്‍ 24 റണ്‍സും നേടി മികച്ച ചെറുത്ത്‌നില്‍പ്പ് നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഇതുവരെ ആര്‍. അശ്വിന്‍, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Mominul Haque Create a New Record in Test