Advertisement
Daily News
മത്സരയോട്ടം ചോദ്യം ചെയ്തതിന് ഡ്രൈവര്‍ ബസ് പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 30, 07:29 pm
Sunday, 31st August 2014, 12:59 am

city-bus[]കോഴിക്കോട്: മത്സരയോട്ടം ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് ബസ് പാതിവഴിയില്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ശനിയാഴ്ച രാവിലെ 10 ഓടെ ദേശീയ പാതയില്‍ കോയറോഡ് ബസ്‌റ്റോപ്പിലാണ് നിറയെ യാത്രക്കാരുള്ള ബസ് ഉപേക്ഷിച്ച് ഡ്രൈവര്‍ പോയത്.

ബദിരൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന മൊകവൂരമ്മ എന്ന സിറ്റി ബസിലെ യാത്രക്കാരാണ് പെരുവഴിയിലായത്. ബസ് പാവങ്ങാട് എത്തിയത് മുതല്‍ മറ്റൊരു സ്വകാര്യ ബസുമായി മത്സരിച്ചോടുകയായിരുന്നു. തലങ്ങും വിലങ്ങും പരസ്പരം മറികടന്ന ഓടിയ ബസുകളിലൊന്ന് പുതിയങ്ങാടിയില്‍ കുറുകെയിട്ട് പുറകിലെത്തിയ ബസിന്റെ മാര്‍ഗം തടസപ്പെടുത്തി.

മത്സരയോട്ടം ബസിലെ കണ്ടക്ടറും ക്ലീനറും ചോദ്യം ചെയ്തു. ഇങ്ങനെ പോയാല്‍ യാത്രക്കാരോട് സമാധാനം പറയേണ്ടിവരിക തങ്ങളാണെന്ന് പറഞ്ഞ് ഇവര്‍ ക്ഷുഭിതരായി. ഇതോടെ യാത്രക്കാരും മത്സരയോട്ടം ചോദ്യം ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഡ്രൈവര്‍ കോയറോഡില്‍ ബസ് നിര്‍ത്തി വാതില്‍ തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. ടിക്കറ്റ് മടങ്ങിവാങ്ങി നഗരത്തിലേക്ക് യാത്രചെയ്യാനുള്ള പണം യാത്രക്കാര്‍ക്ക് തിരികെ നല്‍കി കണ്ടക്ടര്‍ പ്രശ്‌നം പരിഹരിച്ചു.