ISL
ബ്ലാസ്‌റ്റേഴ്‌സിനും മഞ്ഞപ്പടയ്ക്കും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത റെക്കോഡുകള്‍; ഇവര്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജാക്കന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
13 hours ago
Sunday, 16th March 2025, 2:04 pm

ഐ.എസ്.എല്ലിന്റെ ഈ സീസണ്‍ അവസാനത്തിലേക്കടുക്കുകയാണ്. ആദ്യ ഘട്ടത്തില്‍ എല്ലാ ടീമുകളുടെയും 24 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഒന്നാം സ്ഥാനത്തും എഫ്.സി ഗോവ രണ്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകളും ഇതിനോടകം തന്നെ സെമി ഫൈനലിനും യോഗ്യത നേടി.

ബെംഗളൂരു എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂര്‍ എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. ഇവരില്‍ രണ്ട് ടീം സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.

ആരാധകരെ ഇത്തവണയും നിരാശരാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. 24 മത്സരത്തില്‍ നിന്നും ഏട്ട് ജയവും നാല് സമനിലയും 11 തോല്‍വിയുമായി 29 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

സീസണില്‍ കളിച്ച 24 മത്സരത്തില്‍ 17ലും വിജയിച്ചാണ് മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ അഞ്ച് മാച്ചുകള്‍ സമനിലയിലും കലാശിച്ചു. 56 പോയിന്റാണ് ടീം സ്വന്തമാക്കിയത്. 50+ പോയിന്റ് നേടിയ ഏക ടീമും മോഹന്‍ ബഗാന്‍ തന്നെ.

ഇതിന് പിന്നാലെ എണ്ണം പറഞ്ഞ പല റെക്കോഡുകളും ബംഗാളിലെ വമ്പന്‍മാരെ തേടിയെത്തി. ഒരു പതിറ്റാണ്ടിലധികം നീണ്ട ഐ.എസ്.എല്‍ യാത്രയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകള്‍ക്ക് നേടാന്‍ സാധിക്കാതെ പോയ പല റെക്കോഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു ഐ.എസ്.എല്‍ സീസണില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന ടീം (56) എന്ന നേട്ടമാണ് ഇതിലാദ്യം. ഇതിന് പുറമെ ഒരു ഐ.എസ്.എല്‍ സീസണില്‍ ഏറ്റവുമധികം വിജയം (17), ഏറ്റവുമധികം ഹോം ഗ്രൗണ്ട് വിജയം (11) തുടങ്ങിയ റെക്കോഡുകളും മോഹന്‍ ബഗാന്‍ സ്വന്തമാക്കി.

സീസണില്‍ ഇതുവരെ നേടിയ 47 ഗോളില്‍ ഇരുപതും പിറവിയെടുത്തത് സെറ്റ് പീസുകളിലൂടെയാണ്. ഇതോടെ ഒരു ഐ.എസ്.എല്‍ സീസണില്‍ ഏറ്റവുമധികം സെറ്റ് പീസ് ഗോളുകള്‍ നേടുന്ന ടീം എന്ന നേട്ടവും മോഹന്‍ ബഗാന്‍ സ്വന്തമാക്കി.

ഗോളടിച്ചതില്‍ മാത്രമല്ല, എതിരാളികളെക്കൊണ്ട് ഗോളടിപ്പിക്കാതെ തടഞ്ഞുനിര്‍ത്തിയതിന്റെ റെക്കോഡും മറൈനേഴ്‌സിന്റെ പേരിലാണ്. ഇതിനൊപ്പം തന്നെ ഒരു സീസണില്‍ ഏറ്റവുമധികം ക്ലീന്‍ ഷീറ്റുകള്‍ (15) എന്ന റെക്കോഡും, ഒരു ഗോള്‍ വഴങ്ങാതെ ഏറ്റവുമധികം സമയം (626 മിനിട്ട്) കളിച്ചതിന്റെ റെക്കോഡും ടീം സ്വന്തമാക്കി.

കഴിഞ്ഞ സീസണില്‍ ടേബിള്‍ ടോപ്പേഴ്‌സായി ഐ.എസ്.എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാന്‍ ഇത്തവണ ആ നേട്ടം ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായി രണ്ട് ഐ.എസ്.എല്‍ ഷീല്‍ഡ് നേടുന്ന ആദ്യ ടീം എന്ന നേട്ടവും സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.

ഇതിനൊപ്പം തുടര്‍ച്ചയായ മൂന്ന് സീസണില്‍ ഐ.എസ്.എല്‍ അവാര്‍ഡ് നേടുന്ന ആദ്യ ടീമായും മോഹന്‍ ബഗാന്‍ മാറി. തുടര്‍ച്ചയായി രണ്ട് തവണ ഐ.എസ്.എല്‍ ഷീല്‍ഡ് സ്വന്തമാക്കിയതിന് പുറമെ തൊട്ടുമുമ്പ് നടന്ന സീസണില്‍ ബെഗംളൂരുവിനെ തോല്‍പിച്ച് ബംഗാള്‍ ജയന്റ്‌സ് കിരീടവും ചൂടിയിരുന്നു.

 

ഈ സീസണില്‍ ഇനി സെമി ഫൈനല്‍ മത്സരങ്ങളാണ് ബഗാന് മുമ്പിലുള്ളത്. എതിരാളികള്‍ ആരായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഏപ്രില്‍ മൂന്നിന് എതിരാളികളുടെ തട്ടകത്തില്‍ ആദ്യ പാദ സെമി കളിക്കുന്ന ബംഗാള്‍ വമ്പന്‍മാര്‍ ഏപ്രില്‍ ഏഴിന് സ്വന്തം തട്ടകമായ സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രണ്ടാം പാദ മത്സരവും കളിക്കും.

 

Content Highlight: Mohun Bagan Supergiant with historic achievements in ISL