റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍
Movie Day
റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2012, 10:30 am

ന്യൂദല്‍ഹി: പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ചിത്രമൊരുക്കുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നാല്‍ മലയാളത്തില് കോമഡിയാശാന്‍മാരായ റാഫി മെക്കാര്‍ട്ടിന്‍ ടീമിനെ സംബന്ധിച്ച് അത് ഏറെ എളുപ്പമുള്ള കാര്യമാണ്. ഇതിന് മുമ്പ് നിരവധി കോമഡി ചിത്രങ്ങളിലൂടെ അവരിത് തെളിയിച്ചതുമാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ ഒരു കോമഡി ചിത്രവുമായി വരികയാണിവര്‍.

” ഞങ്ങളുടെ അടുത്ത സംരഭം മോഹന്‍ലാല്‍ നായകനായ ഒരു കോമഡി ചിത്രമാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും. ഞങ്ങളുടെ മുന്‍ ചിത്രങ്ങളെപ്പോലെ ഇതും ഒരു കോമഡിചിത്രമായിരിക്കും.” മെക്കാര്‍ട്ടിന്‍ പറഞ്ഞു.

അതിനിടെ, റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ തിരക്കഥയില്‍ പൃഥിരാജിനെയും, ജയസൂര്യയെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മുംബൈ ദോസ്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയില്‍ ആരംഭിക്കും.

രസകരമായി അവതരിപ്പിക്കുന്ന ഒരു യാത്രാവിവരണമാണ് ഈ ചിത്രം. ഹൈദരാബാദും കൊച്ചിയുമാണ് പ്രധാന ലൊക്കേഷന്‍.

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു. പുതുതലമുറയിലെ പ്രേക്ഷകര്‍, പ്രത്യേകിച്ച് 20 വയസിന് താഴെയുള്ളവര്‍ക്ക് വ്യത്യസ്തമായ കോമഡിയാണ് ഇഷ്ടം. കഥാപാത്രത്തിന്റെ ബുദ്ധിശൂന്യമായ പെരുമാറ്റമോ, മറ്റ് തരംതാണ തമാശകളോ അവരെ ചിരിപ്പിക്കില്ല. പുതിയ കാണികളുടെ കാഴ്ചപ്പാട് അനുസരിച്ച് കോമഡികളെ പരിഷ്‌കരിക്കുകയെന്നാണ് പുതിയ തിരക്കഥാകൃത്തുക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രണയത്തിന്റെ കാര്യത്തിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മെക്കാര്‍ട്ടിന്‍ പറയുന്നു. “റാംഞ്ചി റാവു സ്പീക്കിംഗ്, അനിയത്തിപ്രാവ് എന്നീ ചിത്രങ്ങള്‍ വന്‍ വിജയം കൊയ്തവയാണ്. സാഹചര്യത്തിനനുസരിച്ച കോമഡിയും നിശബ്ദമായ പ്രണയവുമായിരുന്നു അത്തരം സിനിമകളുടെ പ്രത്യേകത. ഇന്ന് ഈ മൊബൈല്‍ യുഗത്തില്‍ പ്രണയം ബഹളമയമായിരിക്കുകയാണ്. കമിതാക്കള്‍ക്കിടയിലെ ബന്ധം നിലനിര്‍ത്തുന്നതിന് മൊബൈലിന് വലിയ പങ്കാണുള്ളത്. അതുപോലെ തന്നെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാര്യവും.” അദ്ദേഹം വ്യക്തമാക്കി.