എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി, ആക്ഷൻ സീൻ ചെയ്യുന്നതിന് മുമ്പ് എപ്പോഴും അദ്ദേഹത്തെ ഓർക്കും: മോഹൻലാൽ
Entertainment
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി, ആക്ഷൻ സീൻ ചെയ്യുന്നതിന് മുമ്പ് എപ്പോഴും അദ്ദേഹത്തെ ഓർക്കും: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th January 2024, 4:49 pm

മലയാള സിനിമയിൽ തന്റെ സ്വതസിദ്ധമായ രീതിയിൽ ആക്ഷൻ സീനുകളിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് മോഹൻലാൽ.

താരത്തിന്റെ മെയ്‌വഴക്കത്തെ കുറിച്ചും പലവട്ടം പ്രേക്ഷകർക്കിടയിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. മോഹൻലാൽ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും ആക്ഷൻ കൊറിയോഗ്രാഫി ചെയ്തത് ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു.

മോഹൻലാൽ ത്യാഗരാജൻ മാസ്റ്ററെ ഓർക്കുകയാണ്. പുതിയ ചിത്രം മലൈക്കോട്ടൈ വാലിബൻ ആക്ഷന് വലിയ പ്രാധാന്യം നൽകി കൊണ്ട് ഒരുക്കുന്ന ചിത്രമാണ്. സിനിമയുടെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ത്യാഗരാജൻ മാസ്റ്ററെ കുറിച്ച് വാചാലനായത്.

പണ്ട് റസലിങ് ടീമിൽ ഉണ്ടായിരുന്നതെല്ലാം തന്റെ ആക്ഷനെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്നും വാലിബനിൽ ആക്ഷൻ ചെയ്യാൻ ഒരുപാട് സ്വാതന്ത്ര്യം ഉണ്ടെന്നും മോഹൻലാൽ പറയുന്നു. ഏതു സിനിമയിലും ആക്ഷൻ ചെയ്യുന്നതിന് മുമ്പ് താൻ ത്യാഗരാജൻ മാസ്റ്ററെ ഓർക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലെ ഫൈറ്റ് എന്നു പറയുന്നത് ദേഹത്ത് കൊള്ളാതെ കൊണ്ട് എന്ന് തോന്നിപ്പിക്കുന്നതാണ്. നമ്മുടെ ഓപ്പോസിറ്റ് ഉള്ള ആളും അത്ര മിടുക്കനാണെങ്കിൽ മാത്രമേ നമ്മൾ കൊടുക്കുന്നതിന്റെ ഇമ്പാക്ട് കിട്ടുകയുള്ളൂ.

അതുകൊണ്ടാണ് മോഡേൺ സിനിമയിൽ ഒരാൾ അടിച്ചാൽ പറന്ന് പോയി കാറിന്റെ മുകളിൽ വീഴുന്ന തരത്തിലൊക്കെ ഫൈറ്റ് എടുക്കുന്നത്. റിയൽ ലൈഫിൽ അത് പറ്റില്ലല്ലോ. വാലിബനിൽ ആ കാര്യത്തിൽ കുറച്ച് സ്വാതന്ത്ര്യമുണ്ട്. അങ്ങനെ എല്ലാം ചെയ്യാൻ പറ്റുന്ന ഒരാളാണ് നായകൻ. അയാൾക്ക് വേണമെങ്കിൽ ആകാശത്തിലൂടെ പറക്കാം, വെള്ളത്തിലൂടെ സഞ്ചാരിക്കാം അങ്ങനെ എന്ത് വേണമെങ്കിലും ചെയ്യാം.

അതുകൊണ്ട് തന്നെ പണ്ടത്തെ റസലിങ്ങൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിലൊരു ഗുരുത്വമുള്ളത് കൊണ്ടാണത്. ഇതെല്ലാം ഒരു ഗുരുവിന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. ത്യാഗരാജൻ മാസ്റ്റർ എന്ന് പറയുന്നത് എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ്.


ഏത്‌ ആക്ഷൻ സീൻ എടുക്കുന്നതിന് മുമ്പും ഞാൻ അദ്ദേഹത്തെ മനസിൽ ആലോചിച്ചിട്ടേ ചെയ്യാറുള്ളു. അദ്ദേഹമല്ലെങ്കിലും ഏത്‌ സിനിമ ചെയ്യുമ്പോഴും ഞാൻ മാസ്റ്ററെ ഓർക്കും. ധൈര്യമായിട്ട് ചെയ്യെടാ എന്ന് അദ്ദേഹം പറയുന്ന ഒരു വിശ്വൽ നമ്മുടെ മനസിൽ അറിയാതെ തന്നെ വരും. അങ്ങനെ മാത്രമേ ഞാൻ ആക്ഷൻ സീനുകൾ തുടങ്ങാറുള്ളു,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Thyagarajan Master