ദൃശ്യം 2 സിനിമ ഒ.ടി.ടി റീലീസ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ് മോഹന്‍ലാല്‍. ചതിച്ചു, പറ്റിച്ചു എന്നെല്ലാം പറയുമ്പോഴും പരമാവധി ആളുകളില്‍ സിനിമ എത്തിക്കുക എന്നതും പ്രധാനമാണെന്ന് ഓര്‍ക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ദൃശ്യം 2 എന്ന സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള വലിയൊരു കൂട്ടം കാഴ്ചക്കാരിലേക്ക് എത്തിക്കാനായെന്നും ഇതു മലയാള സിനിമയുടെ നേട്ടമായി കാണണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് നിര്‍മാതാവാണ്. ഈ സിനിമ വലിയ സ്ക്രീനില്‍ കാണാന്‍ അവസരമുണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷ’, മോഹന്‍ലാല്‍ പറഞ്ഞു.
ദൃശ്യം 2വിന് ലഭിച്ച മികച്ച പ്രതികരണത്തിന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ആരാധകരോട് നന്ദി പറഞ്ഞിരുന്നു.’നിങ്ങള്‍ എപ്പോഴും എനിക്ക് നല്കി വരുന്ന സ്നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്. എന്റെ ദൃശ്യം 2 സിനിമക്ക് നിങ്ങള്‍ നല്കിയ പിന്തുണയും സ്നേഹവും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
ജോര്‍ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് നന്ദി. ഞങ്ങള്‍ സംരക്ഷിക്കുന്ന ഈ രഹസ്യങ്ങള്‍ എന്താണെന്ന് അറിയണമെങ്കില്‍ ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 കാണൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ദൃശ്യം 2വിന് ലഭിച്ച സ്വീകാര്യതയോട് പ്രതികരിച്ച് സംവിധായകന് ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ജീത്തു ജോസഫ് ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും ജീത്തു പറഞ്ഞു. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന പ്രതികരണം തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക