ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ രണ്ടാം ഇന്നിങ്‌സില്‍ മുന്‍തൂക്കം നേടി ഇന്ത്യ. രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിലേ ഡേവിഡ് വാര്‍ണറിനെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്.
ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ, നാലാം ഓവറിന്റെ മൂന്നാം പന്തിലാണ് വാര്‍ണര്‍ പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എസ്. ഭരത്തിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്.
ആദ്യ ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയ വാര്‍ണറിന് രണ്ടാം ഇന്നിങ്‌സില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എട്ട് പന്ത് നേരിട്ട് ഒറ്റ റണ്‍സുമായാണ് വാര്‍ണര്‍ പുറത്തായത്.
ആദ്യ ഇന്നിങ്‌സില്‍ വീഴ്ചയുടെ പടുകുഴിയില്‍ നിന്നുള്ള തിരിച്ചുവരവിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലെ ഈ ഏര്‍ളി വിക്കറ്റ് ഇന്ത്യക്ക് നല്‍കിയിരിക്കുന്ന അഡ്വാന്റേജ് ചില്ലറയല്ല,. ഈ മുന്‍തൂക്കം തുടര്‍ന്നും മുതലാക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയുമായി മത്സരത്തിലേക്ക് തിരിച്ചുവരാം.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 12 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 22 പന്തില്‍ നിന്നും ഏഴ് റണ്‍സുമായി ഉസ്മാന്‍ ഖവാജയും 12 പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് കങ്കാരുക്കള്‍ക്കായി ക്രീസില്‍.
ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍, സ്‌കോട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്, എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. നഥാന്‍ ലിയോണാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlight: Mohammed Siraj dismiss David Warner in second innings