Advertisement
IPL
ഒരു ഓവറില്‍ മാത്രം അഞ്ച് വൈഡ് അടക്കം എറിഞ്ഞത് 11 പന്ത്, എന്നാല്‍ നാല് ഓവറില്‍ ആകെ വഴങ്ങിയത് 21 റണ്‍സ്; സിറാജ് സൂപ്പറാടാ...
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 03, 02:54 am
Monday, 3rd April 2023, 8:24 am

ചെണ്ട സിറാജ് എന്ന തന്റെ മുന്‍കാല ലേബലിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമമാണോ മുഹമ്മദ് സിറാജ് കഴിഞ്ഞ ദിവസം നടത്തിയതെന്നാണ് എല്ലാവരുടെയും സംശയം. മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ ഹാട്രിക് വൈഡ് അടക്കം അഞ്ച് വൈഡാണ് താരം എറിഞ്ഞത്. ആ ഓവറില്‍ എറിഞ്ഞതാകട്ടെ 11 ഡെലിവെറികളും.

ഇതിന് പിന്നാലെയാണ് ആരാധകര്‍ മുഹമ്മദ് സിറാജിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. 19ാം ഓവറില്‍ 11 പന്തെറിഞ്ഞെങ്കിലും എക്‌സ്ട്രാ ഇനത്തില്‍ മാത്രം അഞ്ച് റണ്‍സ് വഴങ്ങിയെങ്കിലും മികച്ച ബൗളിങ് പ്രകടനം തന്നെയായിരുന്നു സിറാജ് നടത്തിയത്.

കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 21 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. എങ്കിലും 19ാം ഓവറിലെ അഞ്ച് വൈഡിന്റെ പേരില്‍ താരത്തിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗളൂരുവിനായി ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത് സിറാജായിരുന്നു. 5.25 എന്ന എക്കോണമിയില്‍ റണ്‍സ് വിട്ടുനല്‍കിയ സിറാജ് അപകടകാരിയായ ഇഷാന്‍ കിഷന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ഐ.പി.എല്‍ 2023ലെ അഞ്ചാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മികച്ച തുടക്കമല്ല ടീമിന് ലഭിച്ചത്. ഇഷാന്‍ കിഷന്‍ 13 പന്തില്‍ നിന്നും പത്ത് റണ്‍സിനും കാമറൂണ്‍ ഗ്രീന്‍ നാല് പന്തില്‍ അഞ്ച് റണ്‍സിനും പുറത്തായി.

പത്ത് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി രോഹിത് ശര്‍മയും 16 പന്തില്‍ നിന്നും 15 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്തായപ്പോള്‍ മുന്‍ ചാമ്പ്യന്‍മാര്‍ നിന്ന് വിറച്ചു.

എന്നാല്‍ തിലക് വര്‍മയെന്ന യുവതാരത്തിന്റെ ഒറ്റയാള്‍ പ്രകടനം മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഒമ്പത് ബൗണ്ടറിയും ആറ് സിക്‌സറുമായി തിലക് 46 പന്തില്‍ നിന്നും 84 റണ്‍സാണ് നേടിയത്. താരത്തിന്റെ പ്രകടനത്തിന്റെ മികവില്‍ മുംബൈ നിശ്ചിത ഓവറില്‍ ഏഴിന് 171 റണ്‍സിലേക്കുയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്കായി ക്യാപ്റ്റനും മുന്‍ ക്യാപ്റ്റനും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 148 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് 43 പന്തില്‍ നിന്നും 73 റണ്‍സ് നേടി പുറത്തായി. വണ്‍ ഡൗണായെത്തിയ ദിനേഷ് കാര്‍ത്തിക് സംപൂജ്യനായിട്ടായിരുന്നു മടങ്ങിയത്.

ഇതോടെ നാലാമന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ കൂട്ടുപിടിച്ച് വിരാട് വിജയം സ്വന്തമാക്കി. ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുമടക്കം വിരാട് 49 പന്തില്‍ നിന്നും 82 റണ്‍സ് നേടിയപ്പോള്‍ മാക്‌സ്‌വെല്‍ രണ്ട് സിക്‌സറുമായി മൂന്ന് പന്തില്‍ നിന്നും 12 റണ്‍സ് സ്വന്തമാക്കി.

മുംബൈ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ആര്‍.സി.ബി 22 പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടക്കുകയായിരുന്നു.

 

 

Content Highlight: Mohammad Siraj bowled five wide in an over