Sports News
ലോകം മുഴുവന്‍ പറഞ്ഞത് അവന്‍ ഫോമിലല്ലെന്നാണ്, പക്ഷെ ഞങ്ങള്‍ക്ക് അവനെ പുറത്താക്കാന്‍ സാധിച്ചില്ല: തുറന്ന് പറഞ്ഞ് മുഹമ്മദ് റിസ്വാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 24, 11:00 am
Monday, 24th February 2025, 4:30 pm

പാകിസ്ഥാനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. തന്റെ 51ാം ഏകദിന സെഞ്ച്വറിയില്‍ ഫോര്‍മാറ്റിലെ 14000 റണ്‍സ് പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചിരുന്നു. മത്സരത്തില്‍ 111 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 100* റണ്‍സാണ് വിരാട് നേടിയത്. ഇതോടെ പാകിസ്ഥാന്റെ എക്കാലത്തെയും പേടിസ്വപ്നമായി മാറിയിരിക്കുകയാണ് വിരാട്.

മത്സര ശേഷം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ വിരാടിനെക്കുറിച്ച് സംസാരിച്ചിരുന്നു. വിരാടിന്റെ കഠിനാധ്വാനം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് റിസ്വാന്‍ പറഞ്ഞത്. ലോകം മുഴുവന്‍ വിരാട് ഫോമിലല്ലെന്ന് പറയുമ്പോഴും താരം മികച്ച രീതിയില്‍ റണ്‍സ് നേടുന്നുണ്ടെന്നും വിരാടിനെ പുറത്താക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും റിസ്വാന്‍ പറഞ്ഞു.

‘നമുക്ക് വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കാം. അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കോഹ്‌ലി ഫോമില്‍ അല്ലെന്നാണ് ലോകം മുഴുവന്‍ പറഞ്ഞത്. എന്നാല്‍ ഇത്രയും വലിയൊരു പോരാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം കോഹ്‌ലി റണ്‍സ് നേടി.

അദ്ദേഹത്തിന്റെ ഫിറ്റ്‌നസും കളിയുടെ ശൈലിയും തീര്‍ച്ചയായും പ്രശംസനീയമാണ്. കോഹ്‌ലിയെ പുറത്താക്കാന്‍ പലതും ഞങ്ങള്‍ ചെയ്തു, പക്ഷെ അവനെ പുറത്താക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല,’ മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ഏകദിനത്തില്‍ മോശം പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. തുടര്‍ന്ന് താരത്തിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ സെഞ്ച്വറി നേട്ടത്തോടെ വിരാട് തിരിച്ചുവന്നതോടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുത്തിരിക്കുകയാണ് താരം. മാര്‍ച്ച് രണ്ടിനാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

Content Highlight: Mohammad Rizwan Talking About Virat Kohli