Sports News
അവന്‍ സെമി കളിക്കും, ഓസ്‌ട്രേലിയയെ തളര്‍ത്താനുള്ള അവസരം ഇന്ത്യ നഷ്ട്ടപെടുത്തില്ല; വമ്പന്‍ പ്രതികരണവുമായി മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 03, 05:59 am
Monday, 3rd March 2025, 11:29 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തിലെ മിന്നും പ്രകടനത്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 2021 ടി-20 ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് പുറത്തായ വരുണ്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ തന്റെ തിരിച്ചുവരവില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കൈഫ് പറഞ്ഞു.

വരുണ്‍ സെമി കളിക്കുമെന്നും ഓസ്‌ട്രേലിയയെ തകര്‍ക്കാനുള്ള അവസരം ഇന്ത്യ നഷ്ട്ടപ്പെടുത്തില്ലയെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മുന്‍ താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘വരുണ്‍ ചക്രവര്‍ത്തി… എന്തൊരു കഥ. 2021 ടി-20യില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് ഒന്നും നേടാനാവാതെ മൂന്ന് വര്‍ഷത്തോളം അവന്‍ ടീമില്‍ നിന്ന് പുറത്തായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ പുറത്തിരുന്നവന്‍ ഇപ്പോഴിതാ തന്റെ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റും പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടിയിരിക്കുന്നു. അവന്‍ തീര്‍ച്ചയായും സെമി ഫൈനലില്‍ കളിക്കും. ഓസ്ട്രേലിയയെ തളര്‍ത്താനുള്ള അവസരം ഇന്ത്യ ഒരിക്കലും നഷ്ട്ടപെടുത്തില്ല,’ കൈഫ് പറഞ്ഞു.

ദുബായില്‍ ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ 44 റണ്‍സിന് വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. അഞ്ച് വിക്കറ്റുകള്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

പത്ത് ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് വരുണിന്റെ മിന്നും പ്രകടനം. വില്‍ യങ്, ഗ്ലെന്‍ ഫിലിപ്പ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി എന്നിവരുടെ വിക്കറ്റുകളാണ് വരുണ്‍ നേടിയത്.

ഹര്‍ഷിത് റാണയ്ക്ക് പകരമായാണ് വരുണ്‍ ചക്രവര്‍ത്തിയെ ന്യൂസിലാന്‍ഡിനെതിരെയുള്ള ഇലവനില്‍ ഉള്‍പ്പെടുത്തിയത്. മികച്ച പ്രകടനത്തിന് പുറമെ സെമി ഫൈനലിലേക്കും വരുണിനെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. മാര്‍ച്ച് നാലിന് ദുബായ് ഇന്റര്‍മാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ഓസീസിനെ നേരിടുക.

 

Content Highlight: Mohammad Kaif Talking About Varun Chakravarthy