രോഹിത് ശര്‍മയില്ലാത്തതുകൊണ്ട് കോച്ച് രാഹുല്‍ ദ്രാവിഡിന് പണി എളുപ്പമായി, ഇനി അവനെ കളിപ്പിക്കാന്‍ സാധിക്കും; വ്യക്തമാക്കി സൂപ്പര്‍ താരം
Sports News
രോഹിത് ശര്‍മയില്ലാത്തതുകൊണ്ട് കോച്ച് രാഹുല്‍ ദ്രാവിഡിന് പണി എളുപ്പമായി, ഇനി അവനെ കളിപ്പിക്കാന്‍ സാധിക്കും; വ്യക്തമാക്കി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th December 2022, 9:23 am

ഏകദിന പരമ്പരയില്‍ 2-1ന് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കിറങ്ങുകയാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതോടെയാണ് രോഹിത്തിന് മൂന്നാം ഏകദിനവും ടെസ്റ്റ് പരമ്പരയും നഷ്ടമായത്.

രോഹിത് ശര്‍മക്ക് പകരം വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്. പരമ്പരയില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയ ഏക മത്സരവും അതുതന്നെയായിരുന്നു.

 

മൂന്നാം മത്സരത്തിന് സമാനമായി ടെസ്റ്റിലും രാഹുല്‍ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്. ചേതേശ്വര്‍ പൂജാരയാണ് രാഹുലിന്റെ ഡെപ്യൂട്ടി.

സ്‌ക്വാഡില്‍ രോഹിത് ശര്‍മയില്ലാത്തത് ടീം സെലക്ഷനില്‍ കോച്ച് രാഹുല് ദ്രാവിഡിന്റെ ജോലി എളുപ്പമാകുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്.

രാഹുലിന്റെ അഭാവത്തില്‍ ഓപ്പണിങ്ങില്‍ ശുഭ്മന്‍ ഗില്ലിനെ കളത്തിലിറക്കാന്‍ സാധിക്കുമെന്നാണ് കൈഫ് പറയുന്നത്.

സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലെ ഒരു അഭിമുഖത്തിലായിരുന്നു കൈഫ് ഇക്കാര്യം പറഞ്ഞത്.

‘രോഹിത് ശര്‍മ ടീമിനൊപ്പമുണ്ടായിരുന്നെങ്കില്‍ മൂന്ന് ഓപ്പണര്‍മാരില്‍ ആരെയൊക്കെ കളത്തിലിറക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ രോഹിത് ടീമിനൊപ്പമില്ല, കാര്യങ്ങളില്‍ കുറച്ചുകൂടി ക്രമീകരണങ്ങള്‍ വന്നു. ഗില്ലും രാഹുലും ഓപ്പണ്‍ ചെയ്യും.

മൂന്നാമനായി പൂജാരയും നാലാമനായി വിരാട് കോഹ്‌ലിയും ഇറങ്ങും. ശ്രേയസ് അഞ്ചാം നമ്പറിലും റിഷബ് പന്ത് ആറാം നമ്പറിലും ശേഷം ബൗളര്‍മാരും ഇറങ്ങും,’ കൈഫ് പറഞ്ഞു.

രണ്ട് മത്സരങ്ങളാണ് ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലുള്ളത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒറ്റ മത്സരത്തില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ തച്ചുടക്കപ്പെടും. കിരീട സാധ്യത സജീവമാക്കി നിര്‍ത്താന്‍ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയടക്കം ആറ് മത്സരങ്ങളാണ് ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ബാക്കിയുള്ളത്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യ കളിക്കുക.

 

ശേഷിക്കുന്ന ആറില്‍ അഞ്ച് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ സാധിക്കൂ. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെടുത്തിയ കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ത്യക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും.

ഇന്ത്യ പ്രെഡിക്റ്റഡ് ഇലവന്‍

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

 

Content highlight: Mohammad Kaif says absence of Rohit Sharma made team selection easier