Advertisement
Sports News
ടെസ്റ്റ് ജയിക്കാന്‍ സാധിക്കാത്ത വെറും വൈറ്റ് ബോള്‍ ബുള്ളികളായി നമ്മള്‍ മാറി; ഇന്ത്യയുടെ അവസ്ഥ വ്യക്തമാക്കി കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 06, 02:45 am
Monday, 6th January 2025, 8:15 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ സാധിക്കാത്ത വെറും വൈറ്റ് ബോള്‍ മര്‍ദകരായി ഇന്ത്യന്‍ ടീം മാറിയെന്നാണ് കൈഫിന്റെ വിമര്‍ശനം.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യ ഒരു ചാമ്പ്യന്‍ ടീമാണെന്നും എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടുമ്പോള്‍ ഒരു ടെസ്റ്റ് ടീമിനെ തയ്യാറാക്കണമെന്നും കൈഫ് അഭിപ്രായപ്പെട്ടു.

 

‘ഫെബ്രുവരി 23ന് പാകിസ്ഥാനെ പരാജയപ്പെടുത്തി നിങ്ങള്‍ എല്ലാ വിധത്തിലുമുള്ള അഭിനന്ദനങ്ങളുമേറ്റുവാങ്ങും. നമ്മള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ചാമ്പ്യന്‍ ടീമാണ്. എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കണമെങ്കില്‍ നമ്മള്‍ ഒരു ടെസ്റ്റ് ടീമിനെയാണ് തയ്യാറാക്കേണ്ടത്. സ്പിന്നിന് അനുകൂലമായതോ പേസിന് അനുകൂലമായതോ ആയ ട്രാക്കില്‍ മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കണം.

ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് നമ്മള്‍ക്ക് അറിയുമായിരുന്നില്ല. നമ്മള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ബുള്ളീസായി മാറിയിരിക്കുന്നു, എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ നമുക്ക് സാധിക്കുന്നില്ല.

നമ്മള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറെ പിന്നിലാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കണമെങ്കില്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. നമ്മള്‍ ഓസ്‌ട്രേലിയക്കെതിരെ 3-1ന് പരാജയപ്പെട്ടു. നമ്മളെ സംബന്ധിച്ച് ഈ തോല്‍വി ഒരു വേക്ക് അപ് കോളാണ്. ഗംഭീറിനെ പഴി ചാരരുത്, ഇത് ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളുടെ മാത്രം തെറ്റാണ്.

അവര്‍ രഞ്ജി മത്സരങ്ങള്‍ കളിക്കുന്നില്ല, അവര്‍ പ്രാക്ടീസ് മാച്ചുകളും കളിക്കുന്നില്ല. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരു മികച്ച താരമാകാന്‍ സാധിക്കില്ല.

ടെസ്റ്റാണ് യഥാര്‍ത്ഥ ക്രിക്കറ്റ്. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതെ നിങ്ങള്‍ക്കൊരിക്കലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ സാധിക്കില്ല,’ കൈഫ് പറഞ്ഞു.

ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് പരമ്പര വിജയമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയ്ക്കായി കങ്കാരുക്കളുടെ തട്ടകത്തിലേക്ക് പറന്നത്. എന്നാല്‍ പരമ്പര അവസാനിച്ചപ്പോള്‍ ഒരു പതിറ്റാണ്ടോളം നീണ്ട ഇന്ത്യയുടെ ആധിപത്യം അവസാനിപ്പിച്ച് ഓസ്ട്രേലിയ കിരീടമുയര്‍ത്തുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റതോടെ പരമ്പരയും ഇന്ത്യ ഓസ്ട്രേലിയക്ക് മുമ്പില്‍ അടിയറവ് വെച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം ഒഴിച്ചുനിര്‍ത്തിയാല്‍ പരമ്പരയിലെ ശേഷിച്ച മത്സരങ്ങളുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ സാധിക്കാതെ പോയി.

 

Content Highlight: Mohammad Kaif criticize India’s poor performance in Red Ball Format