വാരാണസി: മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. യു.പി തെരഞ്ഞടുപ്പിന് മുന്നോടിയായി വാരാണസിയില്‍ വെച്ച് നടന്ന പൊതുയോഗത്തിലാണ് പ്രിയങ്ക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
യു.പിയിലെ രാഷ്ട്രീയ സാഹചര്യവും രാജ്യത്തെ പ്രശ്‌നങ്ങളും ഉന്നയിച്ചാണ് പ്രിയങ്ക മോദിയ്ക്കും യോഗിയ്ക്കുമെതിരെ ആഞ്ഞടിച്ചത്. മോദിയുടെ സ്വന്തം മണ്ഡലത്തില്‍ വെച്ചാണ് പ്രിയങ്ക ഇരുവരേയും കടന്നാക്രമിച്ചത്.
കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഞാന്‍ പോയിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട അവരുടെ കുടുംബാംഗങ്ങളെയാണ് ഞാന്‍ കണ്ടത്. അവര്‍ക്കാവശ്യം നീതി മാത്രമായിരുന്നു.
ഹത്ത്‌റാസ് നമ്മള്‍ കണ്ടതാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് അന്നും ഇന്നും സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയില്ല. ഇത് തന്നെയാണ് ലഖിംപൂരിലും നടക്കുന്നത്. കര്‍ഷകരെ കൊല്ലാന്‍ കൂട്ടു നില്‍ക്കുകയാണ് സര്‍ക്കാരുകള്‍,’ പ്രിയങ്ക പറഞ്ഞു.
ഇത്തരത്തിലുള്ള ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സന്ധിയില്ലാതെ പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസഹമന്ത്രി അജയ് മിശ്ര രാജിവെച്ച് അന്വേഷണം നേരിടുന്നത് വരെ തങ്ങള്‍ സമരമുഖത്ത് നിന്നും പിന്‍മാറില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യയെ രത്തന്‍ ടാറ്റയ്ക്ക് വിറ്റ മോദിയുടെ നടപടിയേയും പ്രിയങ്ക നിശിതമായി വിമര്‍ശിച്ചു. ‘ 16,000 കോടി രൂപയ്ക്ക് 2 വിമാനം വാങ്ങിയ പ്രധാനമന്ത്രി നമുക്കുണ്ട്. 2 വിമാനങ്ങള്‍ക്ക് 16,000 കോടി മുടക്കിയ ആള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി 18,000 കോടിയ്ക്കാണ് എയര്‍ ഇന്ത്യ വിറ്റത്,’ പ്രിയങ്ക പറഞ്ഞു.
ഇന്ത്യയില്‍ ബി.ജെ.പി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണ് സുരക്ഷിതരെന്നും മറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ യാതൊരു സുരക്ഷിതത്വവും അല്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.