കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത്; വാരാണസിയില്‍ കേരളത്തിനെതിരെ മോദി
D' Election 2019
കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത്; വാരാണസിയില്‍ കേരളത്തിനെതിരെ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2019, 10:49 am

 

വാരാണസി: കേരളത്തിലും ബംഗാളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന് ഭീഷണി നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേരളത്തിനെതിരെയുള്ള മോദിയുടെ പരാമര്‍ശം.

” ബംഗാളിലേയും കേരളത്തിലേയും ബി.ജെ.പി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മമാരോട് പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അഥവാ തിരിച്ചുവന്നില്ലെങ്കില്‍ പിറ്റേദിവസം ഇളയ സഹോദരനെ ഒന്നയച്ചേക്കണം” എന്നാണ് അവര്‍ പറയാറ്. ഇതാണ് അവിടുത്തെ അവസ്ഥ. കേളത്തില്‍ വോട്ട് തേടുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ചാണ് പ്രവര്‍ത്തിക്കുന്നത്.

എന്നിട്ടും ഭീഷണികളെയെല്ലാം അവഗണിച്ച് അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിക്കുകയാണെന്നും അവര്‍ ഭയപ്പെടില്ലെന്നും മോദി പറഞ്ഞു. ഈ ഗതി വാരാണസിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കില്ലെന്നായിരുന്നു മോദി പ്രസംഗത്തില്‍ പറഞ്ഞുവെച്ചത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും താനുമെല്ലാം പാര്‍ട്ടിയുടെ കാര്യകര്‍ത്താക്കളാണെന്നും പ്രധാനമന്ത്രിയായ ശേഷവും പാര്‍ട്ടി ഏല്‍പ്പിച്ച ഒരു ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

എന്റെ തുടക്കകാലത്ത് ഞാനും പാര്‍ട്ടിക്ക് വേണ്ടി പോസ്റ്ററുകള്‍ ഒട്ടിച്ചുനടക്കുമായിരുന്നു. ഒരിക്കലും എന്റെ ഉത്തരവാദിത്തങ്ങളെ അവഗണിച്ചിട്ടില്ല. -മോദി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളേയും ബഹുമാനിക്കണമെന്നും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് അവരെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയും നമ്മുടെ ശത്രുക്കളല്ല എന്നായിരുന്നു മോദി പറഞ്ഞത്.