അണ്ണാമലൈയുടെ ജാതി മികച്ചതെന്ന് മോദി; നല്ല ജാതിയേത് മോശം ജാതിയേത് എന്ന് വ്യക്തമാക്കണെന്ന് എ.ഐ.എ.ഡി.എം.കെ
national news
അണ്ണാമലൈയുടെ ജാതി മികച്ചതെന്ന് മോദി; നല്ല ജാതിയേത് മോശം ജാതിയേത് എന്ന് വ്യക്തമാക്കണെന്ന് എ.ഐ.എ.ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2024, 10:54 am

ചെന്നൈ: ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും കോയമ്പത്തൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയുമായ കെ.അണ്ണാമലൈയുടെ ജാതി പശ്ചാത്തലം മികച്ചതാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി എ.ഐ.എ.ഡി.എം.കെ. നല്ലജാതിയേതെന്നും മോശം ജാതിയേതെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ബി.ജെ.പി തമിഴ്‌നാട്ടില്‍  ജാതിക്കാര്‍ഡ് ഇറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എ.ഐ.എ.ഡി.എം.കെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഉള്ളിലുള്ള ജാതി ചിന്തയാണ് ഈ പരാമര്‍ശത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെ വിമര്‍ശിക്കുന്നു.

താന്തി ടി.വി എന്ന തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്രമോദി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ ജാതി പശ്ചാത്തലം മികച്ചതാണെന്ന പരാമര്‍ശം നടത്തിയത്. അണ്ണാമലൈയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടായിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അണ്ണാമലൈ മികച്ച ഉദ്യോഗസ്ഥനായിരുന്നു എന്നും ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത് എന്നും മോദി പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്കോ മറ്റു നേട്ടങ്ങള്‍ക്കോ വേണ്ടിയായിരുന്നു അദ്ദേഹം ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നതെങ്കില്‍ അദ്ദേഹത്തിന് ഡി.എം.കെയിലോ അണ്ണാ ഡി.എം.കെയിലോ ചേര്‍ന്നാല്‍ മതിയായിരുന്നു എന്നും അദ്ദേഹം നന്നായി സംസാരിക്കാന്‍ അറിയുന്ന ആളാണ് എന്നും നരേന്ദ്രമോദി പറഞ്ഞു.

അണ്ണമലൈ ചെറുപ്പക്കാരനാണെന്നും അദ്ദേഹത്തിന് യുവാക്കളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നും നരേന്ദ്രമോദി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല ദേശീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. അദ്ദേഹം രാജ്യത്തിനും തമിഴ്‌നാടിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും മോദി പറഞ്ഞു.

ഇതിനിടയിലാണ് നരേന്ദ്രമോദി അണ്ണാമൈലയുടെ ജാതി മികച്ചതാണെന്നുള്ള പരാമര്‍ശം നടത്തിയത്. അണ്ണാമലൈയുടെ ജാതി മികച്ചതാണെന്നും അങ്ങനെയുള്ള അദ്ദേഹം ബി.ജെ.പിയിലേക്ക് വന്നത് രാജ്യത്തെ സേവിക്കാനാണ് എന്നും മോദി പറഞ്ഞു. ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

content highlights: Modi says Annamalai’s caste is better; AIADMK said that the good caste should be clarified from the bad caste