[]കോഴിക്കോട്: പ്രമുഖ സാമൂഹ്യവിമര്‍ശകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ.എം.എന്‍ കാരശ്ശേരി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടിയുടെ അംഗത്വവിതരണ ക്യാമ്പില്‍ എത്തിയാണ് കാരശേരി അംഗത്വം സ്വീകരിച്ചത്.
നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതി മാറേണ്ട കാലമായെന്നും എ.എ.പിയുടെ പ്രവര്‍ത്തന രീതികള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അംഗത്യമെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
നേരത്തെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയ്, പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്, ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനു, ഗീതാനന്ദന്‍ എന്നിവരും ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു.
പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ്, ബാങ്കര്‍ മീര സന്യാല്‍, എയര്‍ ഡെക്കാന്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ഗോപിനാഥ്, ഇന്‍ഫോസിസ് അംഗം വി.ബാലകൃഷ്ണന്‍, ഗായകന്‍ റെമോ ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍.