തിരുവനന്തപുരം: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി എം.എം മണി. എന്ത് വൃത്തികേടും നടപ്പിലാക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അതുകൊണ്ട് തന്നെ രാഹുലിനെതിരായ നടപടിയില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടത്തില്‍ ആര്‍.എസ്.എസിന്റെ അജണ്ടയാണ് കേന്ദ്രത്തില്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന ആര്‍.എസ്.എസില്‍ നിന്ന് ഇതില്‍ കൂടുതല്‍ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും സവര്‍ണ മോധാവിത്തത്തിനാണ് അവര്‍ ശ്രമിക്കുന്നതെന്നും എം.എം. മണി പറഞ്ഞു.
‘എന്ത് വൃത്തികേടും നടപ്പിലാക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്നത് ന്യായീകരിക്കുന്ന കള്ളന്‍മാരാണ് ബി.ജെ.പിക്കാര്‍. ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ്. ഇനി എന്ത് പ്രശ്‌നമുണ്ടെങ്കിലും ഗാന്ധിയെ കൊല്ലണമെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഗാന്ധിയെ കൊല്ലണമെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.
സ്വാതന്ത്ര്യത്തിന് ശേഷം ആയിരക്കണക്കിന് മുസ്‌ലിങ്ങളെ കശാപ്പ് ചെയ്തവരാണ് ആര്‍.എസ്.എസ്. മോഹന്‍ ഭാഗവത് ആണതിന്റെ നേതാവ്. നരേന്ദ്ര മോദിയെയും നിയന്ത്രിക്കുന്നത് ഇയാളാണ്. ആയിരം സംവത്സരങ്ങളായി ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്നുവെന്നാണ് അയാള്‍ പറഞ്ഞത്. ആര്‍ക്ക് വേണ്ടിയാണ് അവര്‍ പൊരുതിയത് . ഇന്ത്യയിലെ സവര്‍ണ മോധാവികള്‍ക്ക് വേണ്ടിയാണ് അവര്‍ പൊരുതിയത്,’ അദ്ദേഹം പറഞ്ഞു.
അതോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ കാലം തൊട്ട് രാജ്യത്ത് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയ പാര്‍ട്ടിയാണ് ആര്‍.എസ്.എസെന്നും അവരെ വിമര്‍ശിക്കുന്നത് കുറ്റമാണെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കൊണ്ട് ആയിരക്കണക്കിന് മുസ്‌ലിങ്ങളെ കൊന്നൊടുക്കി. ക്രിസ്ത്യന്‍ ജനവിഭാഗത്തെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുന്നു. അവരുടെ പള്ളിപൊളിച്ചും ആയിരക്കണക്കിനാളുകളെ മതം മാറ്റുകയും ചെയ്തു.
വിദേശത്ത് ചെന്ന് മാര്‍പ്പാപ്പയെ കെട്ടിപ്പിടിക്കുകയും ഇന്ത്യയില്‍ അവരുടെ അനുയായികളെ കൊന്നൊടുക്കുകയും ചെയ്യുന്നു. അയാളെ വിമര്‍ശിക്കാതെ പിന്നെ എന്ത് ചെയ്യണം. അങ്ങനെയെങ്കില്‍ എന്നെയും ശിക്ഷിച്ചോട്ടെ, രാഹുല്‍ ഗാന്ധി ഇത്ര രൂക്ഷമായി പറഞ്ഞിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.
അദാനിയെന്ന കള്ളനെ വളര്‍ത്തിക്കൊണ്ട് വന്ന് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാനാണയാള്‍ ശ്രമിക്കുന്നത്. കോടിക്കണക്കിന് രൂപ അപഹരിച്ചിട്ട് ഇയാളെന്ത് നടപടിയാണ് ഇതുവരെ എടുത്തിട്ടുള്ളത്.
ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ് ആര്‍.എസ്.എസ്, ആയിരക്കണക്കിന് മുസ്‌ലിങ്ങളെ കശാപ്പ് ചെയ്യുകയും നൂറ് കണക്കിന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കുകയും ചെയ്തവരാണവര്‍,’ എം.എം മണി പറഞ്ഞു.