Advertisement
Kerala News
ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; പട്ടേല്‍ പ്രതിമാ ഉദ്ഘാടന ചടങ്ങിനെ പരിഹസിച്ച് എം.എം മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 31, 11:02 am
Wednesday, 31st October 2018, 4:32 pm

തിരുവനന്തപുരം: കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച പട്ടേല്‍ പ്രതിമാ ഉദ്ഘാടന ചടങ്ങിനെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം മണി. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് കൈമാറുന്ന ചടങ്ങിനെ താരതമ്യപ്പെടുത്തിയാണ് ഫേസ്ബുക്കില്‍ എം.എം മണിയുടെ പരിഹാസത്തോടെയുള്ള വിമര്‍ശനം.

ഇന്ന് രാജ്യത്ത് രണ്ട് ഉദ്ഘാടനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിലൊന്ന് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച ചടങ്ങാണെങ്കില്‍ രണ്ടാമത്തേത് പട്ടിണി പാവങ്ങള്‍ താമസിക്കുന്ന ഗുജറാത്തില്‍ 3000 കോടിരൂപ മുടക്കി നിര്‍മ്മിക്കുന്ന സര്‍ദാര്‍ പ്രതിമയുടേതാണെന്ന് എം.എ മണി ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം.

അതേസമയം തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം “പ്രതീക്ഷ” യാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി ഇന്ന് കൈമാറുന്നത്. ഇതോടെ 192 മത്സ്യത്തൊഴിലാളികള്‍ക്കാണ് വീട് ലഭിക്കുന്നത്. 2016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്ലാറ്റിലെ താമസക്കാരായെത്തും. 20 കോടി ചിലവിട്ടാണ് ഫ്‌ളാറ്റ് നിര്‍മിച്ചത്.