national news
മോദിയെ വിമര്‍ശിച്ചതില്‍ വികടനെ ബ്ലോക്ക് ചെയ്ത നീക്കം; ഇത് ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണം: എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 16, 05:01 am
Sunday, 16th February 2025, 10:31 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചെന്ന ബി.ജെ.പിയുടെ പരാതിയില്‍ തമിഴ് വരിക വികടന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നൂറ്റാണ്ടുകളായി പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന വികടന്റെ വെബ്‌സൈറ്റ് പൂട്ടിയതില്‍ അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീരുമാനം ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. അഭിപ്രായപ്രകടനം നടത്തിയതിന് മാധ്യമങ്ങള്‍ പൂട്ടുന്നത് ജനാധിപത്യത്തിന് ഭംഗിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റിന് ഉടനടി പ്രവര്‍ത്തനാനുമതി അനുവദിക്കണമെന്നും എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് നടപടിക്ക് കാരണമായത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം. ഓണ്‍ലൈന്‍ മാസികയായ വികടന്‍ പ്ലസില്‍ 10-ാം തീയതിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

പിന്നാലെ കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കുകയായിരുന്നു. ഇന്നലെ (ശനി) യാണ് സംഭവം. തുടര്‍ന്ന് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍. മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു.

‘ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുക എന്ന തത്വത്തിലാണ് ഞങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്, അത് തുടരുകയും ചെയ്യും. ഞങ്ങളുടെ വെബ്‌സൈറ്റ് തടഞ്ഞതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,

കൂടാതെ ഈ വിഷയം മന്ത്രാലയവുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയാണ്,’ വെബ്‌സൈറ്റ് ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കി. വെബ്‌സൈറ്റ് തടസം നേരിട്ടതിനെ തുടര്‍ന്നായിരുന്നു പ്രതികരണം.

വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്നും വികടന്‍ അറിയിച്ചിരുന്നു. നിലവില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നീക്കത്തെ അപലപിക്കുന്നുവെന്ന് ചെന്നൈ പ്രസ് കൗണ്‍സില്‍ അറിയിച്ചു.

Content Highlight: mk stalin strongly condemns blocking of vikatan website