തരൂരിന് നല്‍കിയ വാക്ക് പാലിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്: എം.കെ. രാഘവന്‍ എം.പി
FB Notification
തരൂരിന് നല്‍കിയ വാക്ക് പാലിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്: എം.കെ. രാഘവന്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 7:01 pm

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ത്യ എന്ന ബൃഹത്തായ ബഹുസ്വരതയെ പടുത്തുയര്‍ത്തിയതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹത്തായ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഉന്നതമായ ജനാധിപത്യ ചിന്തകള്‍ക്കും, ബോധ്യങ്ങള്‍ക്കും നിസ്തുലമായ പങ്കുണ്ട്. 137 വര്‍ഷം പിന്നിടുമ്പോഴും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അതിമനോഹരമായ പ്രക്രിയയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞടുപ്പ്.

ഒട്ടുമിക്ക ദേശീയ പാര്‍ട്ടികളിലും ദേശീയ, സംസ്ഥാന അധ്യക്ഷന്മാരെ ഏതെങ്കിലും ചില പവര്‍ സെന്ററുകള്‍ തീരുമാനിച്ച് അടിച്ച് ഏല്‍പ്പിക്കുമ്പോള്‍, വലിയ ജനാധിപത്യ പ്രഖ്യാപനങ്ങളുമായി ഇന്നലെകളില്‍ മാത്രം പിറന്നു വീണ ഒരു പാര്‍ട്ടി കേവലം ഒരു പതിറ്റാണ്ട് കാലം പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും മുമ്പ് തുടര്‍ച്ചയായി പരമോന്നത പാര്‍ട്ടി പദവി ഒരു വ്യക്തിക്കായി സ്ഥിര പ്രതിഷ്ഠ നല്‍കാന്‍ പാര്‍ട്ടിയുടെ ഭരണഘടന പോലും തിരുത്തേണ്ടി വരുമ്പോള്‍, ഈ രാജ്യത്തെ ഏറ്റവും പ്രായമേറിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ അധ്യക്ഷനെ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്നത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനം വര്‍ധിപ്പിക്കുകയാണ്.

എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്‍കാലങ്ങളിലും ആരോഗ്യകരമായി നടക്കുകയും തെരഞ്ഞെടുപ്പിന് ശേഷം നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് ചരിത്രം. മഹാത്മജിയുടെ നോമിനിയായ പട്ടാഭി സീതാരാമയ്യയും നേതാജി സുഭാഷ് ചന്ദ്രബോസും എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും നേതാജി വിജയിക്കുകയും ചെയ്തതടക്കം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ വലിയ പാരമ്പര്യവും ചരിത്രവും കോണ്‍ഗ്രസിനുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധ്യക്ഷന്‍ ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആദരണീയനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെജിയും പ്രിയങ്കരനായ ഡോ. ശശി തരൂരും അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുമ്പോള്‍ ആര് ജയിച്ചാലും വിജയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യ സംസ്‌കാരമാണ്. അതിലൂടെ നിലനില്‍ക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ പൈതൃകമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയ ആകെ തന്നെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജമാണ് നല്‍കുന്നത്.

എണ്ണമറ്റ യോഗ്യതകളുള്ള ഒരായിരം പ്രതിഭകളുടെ സംഗമ വേദിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഒരാളെയും മറ്റൊരാളുമായി താരതമ്യം ചെയ്യാനാകാത്ത വിധം നമ്മുടെ നേതാക്കള്‍ എല്ലാം കഴിവുള്ളവരും പ്രതിഭകളുമാണ്. ബഹുമാന്യനായ ഖാര്‍ഗെ ജിയും പ്രിയങ്കരനായ ഡോ. തരൂരും അധ്യക്ഷ പദവി അലങ്കരിക്കാന്‍ യോഗ്യരായ പ്രതിഭാധനത്വമുള്ളവരാണ്.

ഡോ. ശശി തരൂര്‍ പലരേയും സമീപിച്ച പോലെ എന്നെയും സമീപിച്ചു. ”നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കില്‍ ഞാന്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല. അവര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധ്യക്ഷന്‍ ഉണ്ടാകുന്നത് നമ്മുടെ പാര്‍ട്ടിയുടെ ജന പിന്തുണ വര്‍ധിപ്പിക്കും. അങ്ങനെ എങ്കില്‍ ഞാന്‍ മത്സരിച്ചാല്‍ എന്നെ പിന്തുണക്കുമോ” എന്ന് ഡോ. തരൂര്‍ എന്നോട് ചോദിച്ചു.

ഞാന്‍ പിന്തുണക്കാമെന്ന് വാക്ക് കൊടുത്തു. ഗാന്ധിയന്‍, നെഹ്‌റുവിയന്‍ ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഉറച്ച ജനാധിപത്യ മതേതരവാദിയായ വിശ്വപ്രശസ്തനായ ഡോ. ശശി തരൂരിന് നല്‍കിയ വാക്ക് ഞാന്‍ പാലിച്ചു. 1897 ലെ അമരാവതി എ.ഐ.സി.സി സമ്മേളനത്തില്‍ സര്‍ സി. ശങ്കരന്‍ നായര്‍ അധ്യക്ഷനായി വന്നതിന് ശേഷം മലയാളിയായ ഒരു കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ടാവുമെങ്കില്‍ അതില്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ.

193 യു.എന്‍ അംഗ രാജ്യങ്ങളുമായി ആശയ വിനിമയം നടത്താന്‍ അണ്ടര്‍ സെക്രട്ടറി ജനറലായ ഡോ. തരൂരില്‍ വിശ്വാസമര്‍പ്പിച്ച സെക്രട്ടറി ജനറല്‍ കോഫി അന്നാന് മുന്നില്‍ വിജയകരമായി ദൗത്യ നിര്‍വ്വഹണം നടത്തിയ ഡോ. തരൂരിലെ കമ്യൂണിക്കേറ്റര്‍, മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്കും പ്രതിപക്ഷ ശാക്തീകരണത്തിനും ഗുണം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ശക്തനായ യു.എന്‍ സെക്രട്ടറി ജനറലായി തരൂര്‍ മാറുമെന്ന ഉറച്ച ബോധ്യമാണ് യു.എസ് ഉള്‍പ്പടെയുള്ള വന്‍ ശക്തികള്‍ ആ സ്ഥാനത്ത് അദ്ദേഹം എത്തുന്നത് തടഞ്ഞതെങ്കില്‍, അമേരിക്കയുടെ ആ ബോധ്യത്തെ പ്രയോജനപ്പെടുത്താന്‍ നമ്മള്‍ക്ക് സാധിക്കണം. ലോകത്തിന്റെ ജി.ഡി.പിയില്‍ 27% ഉണ്ടായിരുന്ന ഇന്ത്യയുടെ ഭാഗധേയത്തെ, മൂന്നര കോടി ജനങ്ങളെ കൊന്നൊടുക്കി കൊണ്ട് കേവലം 2% ത്തിലേക്ക് ചവച്ചു തുപ്പിയ, ബ്രിട്ടന്റെ ചെയ്തികളെ സിംഹത്തിന്റെ മടയില്‍ ചെന്നെന്ന പോലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സംവാദത്തില്‍ ലോകത്തിനു മുന്നില്‍ തുറന്നടിക്കാന്‍ കാരണമായ തരൂരിലെ അസാമാന്യ കണ്‍വിന്‍സിംഗ് പവറിനെ, ചരിത്രത്തെ ചവച്ചു തുപ്പുന്ന ഫാഷിസ്റ്റുകളുടെ മാറിയ കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താനാകണം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും, പ്രതിപക്ഷ ശബ്ദങ്ങളെയും മനപൂര്‍വം തമസ്‌കരിക്കുന്ന ദേശീയ മീഡിയകള്‍ക്ക് പോലും അവഗണിക്കാനാകാത്ത ശബ്ദമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ തരൂരിന്റെ സ്ഥാനാര്‍ഥിത്തവും വ്യക്തിത്വവും മാറിയെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും അദ്ദേഹം നടത്തി കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിക്കൊപ്പം കൂടുതല്‍ ഗതിവേഗം നല്‍കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

വി.കെ കൃഷ്ണമേനോന് ശേഷം കേരളം ലോകത്തിന് സംഭാവന ചെയ്ത ഡോ. തരൂരിന്റെ അനുപമമായ വ്യക്തിത്വവും ഭാഷാ സാഹിത്യ പ്രാവീണ്യവുമെല്ലാം പുതു തലമുറയിലും വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സാധാരണക്കാരിലും സര്‍വോപരി എല്ലാ വിഭാഗം ജനങ്ങളിലും പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിക്കും. നേതൃ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തന്നെ കോണ്‍ഗ്രസിന് കുടുതല്‍ ഉണര്‍വും ഊര്‍ജവും പകരാന്‍ സഹായിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ദേശീയ തലത്തില്‍ തരൂര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ നേതൃത്വം ഉയരുന്നത് കോണ്‍ഗ്രസിന് ശക്തി പകരുക തന്നെ ചെയ്യും.

ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടതും വര്‍ഗീയ ശക്തികള്‍ തുരത്തപ്പെടേണ്ടതും ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിന് അത്യന്താപേക്ഷിതമാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്തുകയാണ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും സംഘടനാ തെരഞ്ഞെടുപ്പും. സ്ഥാനാര്‍ത്ഥിത്വവുമായ് ബന്ധപ്പെട്ട് തരൂര്‍ എ.ഐ.സി.സി അധ്യക്ഷ പ്രിയങ്കരിയായ സോണിയാ ജിയെ കണ്ടപ്പോള്‍ അവര്‍ നല്‍കിയ പോസിറ്റീവായ പ്രതികരണം മാതൃകാപരമാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ മഹത്വം അവര്‍ തിരിച്ചറിയുന്നു.

കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളെയും മത്സര രംഗത്തുള്ള മറ്റ് പ്രഗല്ഭമതികളെയും ബഹുമാനിക്കുകയും പ്രസ്ഥാനത്തിനും രാജ്യത്തിനും അവര്‍ നല്‍കിയ സംഭാവനകള്‍ മാനിക്കുകയും ചെയ്യുന്നു. ആശയപരമായ സംഘര്‍ഷങ്ങളാണ് ജനാധിപത്യത്തിന്റെ കരുത്ത്. സൗഹാര്‍ദ്ദപരമായ, ജനാധിപത്യപരമായ ഒരു മത്സരം നടക്കട്ടെ. പുതിയ ആശയങ്ങള്‍, സംവാദങ്ങള്‍ ഉരുത്തിരിയട്ടെ.

പിന്തുണ നല്‍കാം എന്ന എന്റെ വാക്ക് പാലിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഉണര്‍വും ഊര്‍ജവുമേകാന്‍ ഖാര്‍ഗെജിയും തരൂരും ഉള്‍പ്പെടെയുള്ള കൂട്ടായ നേതൃത്വത്തിന് സാധിക്കും. ഈ ജനാധിപത്യ വസന്തത്തെ വിശാല അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരോടും അഭ്യര്‍ത്ഥിക്കുന്നു.
ഈ ജനാധിപത്യ സൗഹൃദ പോരാട്ടത്തില്‍ ജയിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനമാണ്.
ജയ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
ജയ് ഹിന്ദ്.

Content highlight: MK Raghavan MP Extends His Support to Shashi Tharoor MP