ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി കരുണാനിധിയുടെ മകനും എം.കെ സ്റ്റാലിന്റെ സഹോദരനുമായ എം.കെ അഴഗിരി. ഡി.എം.കെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം.
അതേസമയം എന്‍.ഡി.എയുമായുള്ള സഖ്യത്തിനാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി അളഗിരിയും തമിഴ്‌നാട് ബി.ജെ.പിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്നാട്ടില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴഗിരിയുമായുള്ള സഖ്യമുണ്ടാക്കി മുന്നണി രൂപികരിക്കാനാണ് ബി.ജെ.പി തീരുമാനം. ഇതിന് മുന്നോടിയായി നവംബര്‍ 21 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തുമെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ പറയുന്നത്.
‘കലൈഞ്ജര്‍ ഡി.എം.കെ’അഥവാ ‘കെ.ഡി.എം.കെ’ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അഴഗിരിയുടെ മകന്‍ ദയാനിധിയും പുതിയ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അഴഗിരി ഒരു കാലത്ത് ഡി.എം.കെയുടെ ശക്തനായ നേതാവും സംസ്ഥാനത്തെ തെക്കന്‍ ജില്ലകളുടെ ചുമതലക്കാരനുമായിരുന്നു. 2014 പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ഡി.എം.കെ അഴഗിരിയെ പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത അഴഗിരി ഡി.എം.കെയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക