ഗുവാഹത്തി: മ്യാന്‍മറിലെ സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്‌തെത്തിയ 6000ത്തിലധികം പൗരന്മാര്‍ക്ക് മിസോറാമിലെ ഗ്രാമങ്ങള്‍ അഭയം നല്‍കി.
ആറായിരത്തിലധികം മ്യാന്‍മര്‍ പൗരന്‍മാര്‍ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പൈ ജില്ലയിലെ സോഖാവ്തര്‍, ബര്‍ഫെക്‌സാള്‍ ഗ്രാമങ്ങളില്‍ അഭയം പ്രാപിച്ചു. അതിര്‍ത്തി കടക്കുന്നതിനിടെ പൊലീസിന് മുന്നില്‍ കീഴടങ്ങിയ 45 സൈനികരെ അസം റൈഫിള്‍സിന് കൈമാറി എന്ന് മിസോറാം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലാല്‍ ബിയക്തീഗ ഖിയാങ്ടെ ബുധനാഴ്ച ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
‘മ്യാന്‍മറില്‍ നടന്ന വെടിവെപ്പില്‍ 20 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ ഒരാള്‍ ചമ്പൈയില്‍ വച്ച് മരിച്ചു എട്ടുപേരെ ചികിത്സയ്ക്ക് മാറ്റി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്‍മര്‍ അതിര്‍ത്തി പങ്കിടുന്ന പട്ടണമായ മണിപ്പൂരിലെ മോറോയിലേക്ക് സൈനിക ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ കൊണ്ടുപോയതായും അവിടെനിന്ന് മ്യാന്‍മര്‍ അധികാരികള്‍ക്ക് കൈമാറിയതായും മിസോറാമിലെ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മ്യാന്‍മറുമായുള്ള അതിര്‍ത്തികള്‍ നിയന്ത്രിക്കുന്ന അസം റൈഫിള്‍സ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇതോടെ 2021 മുതല്‍ മിസോറാമില്‍ അഭയം പ്രാപിക്കുന്ന മ്യാന്‍മര്‍ പൗരന്‍മാരുടെ എണ്ണം 40000 ആയി വര്‍ധിച്ചു.
സൈന്യം അധികാരം ഏറ്റെടുക്കുകയും തുടര്‍ന്ന് ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ നോബല്‍ സമ്മാന ജേതാവ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും അതിര്‍ത്തി കടന്ന് മിസോറാമില്‍ അഭയം പ്രാപിച്ചിരുന്നു.
മിസോറാം സര്‍ക്കാരിന്റെ പിന്തുടയോടെ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും എന്‍.ജി.ഒ കളും സഭാ സ്ഥാപനങ്ങളും അഭയം നല്‍കിയിട്ടുണ്ട്. കേസര്‍ക്കാറിന്റെ നിര്‍ദേശം ലംഘിച്ചാണ് മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് മുഖ്യമന്ത്രി സോറാംതംഗ അഭയം നല്‍കിയത്. അഭയാര്‍ത്ഥികള്‍ മിസോറാമുമായി വംശീയബന്ധം പങ്കിടുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ സായുധ വിഭാഗമായ ചിന്‍ലാന്‍ഡ് ഡിഫന്‍സ് ഫോര്‍സിനെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിനും വെടിവെപ്പിനും പിന്നാലെയാണ് ചമ്പായിയിലേക്ക് അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ .
content highlight : Mizoram villages provide shelter to 6,000 Myanmar nationals fleeing ongoing conflict