Advertisement
Film News
തിരക്കഥ എഴുതുന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ അധികവും പോകാറില്ല: മിഥുൻ മാനുവൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 17, 12:36 pm
Friday, 17th November 2023, 6:06 pm

ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ തിരക്കഥ എഴുതിയാണ് മിഥുൻ മാനുവൽ തോമസ് എന്ന തിരക്കഥാകൃത്ത് മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ‘ആട്’ ആയിരുന്നു മിഥുൻ മനുവലിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’, ‘ആൻ മരിയ കലിപ്പിലാണ്’, ‘അഞ്ചാം പാതിര’ തുടങ്ങിയ ചിത്രങ്ങളും മിഥുൻ മാനുവലിന്റെ മറ്റു സംവിധാന ചിത്രങ്ങളാണ്.

എന്നാൽ തിരക്കഥ എഴുതുന്ന ചിത്രങ്ങളുടെ സെറ്റിലൊന്നും താൻ പോവാറില്ലെന്ന് മിഥുൻ മാനുവൽ പറഞ്ഞു. തനിക്ക് അതിനോട് താത്പര്യമില്ലെന്നും സ്ക്രിപ്റ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ ബാക്കിയുള്ള പണിയെല്ലാം സംവിധായകന് ചെയ്യാവുന്നതേയുള്ളൂവെന്നും മിഥുൻ മാനുവൽ കൂട്ടിച്ചേർത്തു. ഗരുഡൻ സിനിമയുടെ ലൊക്കേഷനിൽ മൂന്ന് ദിവസവും ഫീനിക്സിന്റെ സെറ്റിൽ പൂജയുടെ അന്നുമാണ് താൻ പോയതെന്ന് മിഥുൻ മാനുവൽ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ തിരക്കഥ എഴുതുന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ അധികവും പോകാറില്ല. എനിക്കതിന് താത്പര്യമില്ല. ലൊക്കേഷനിൽ ഒരു പണിയും ഇല്ലാത്ത ആൾ. നമ്മൾ സ്ക്രിപ്റ്റ് ലോക്ക് ചെയ്തതിന് ശേഷം സംവിധായകനെ ഏൽപിച്ചു കഴിഞ്ഞാൽ അയാൾക്കത് നന്നാക്കാവുന്നതേയുള്ളു. നമ്മൾ അവിടെ പോയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഇരിക്കും. നമുക്ക് ഒരു പണിയും ഉണ്ടാവില്ല.

രണ്ടാമത്തെ കാര്യം നമ്മൾ മോണിറ്ററിന്റെ പിറകിൽ പോയി ഇരുന്നിട്ട് ഷോട്ട് എടുക്കുന്ന സമയത്ത് അഭിപ്രായം പറയാൻ പോയിട്ടുണ്ടെങ്കിൽ ലാസ്റ്റ് കറങ്ങി തിരിഞ്ഞ് നമ്മൾ ചെയ്യുന്ന ഒരു പടം പോലെയാവും. ഞാൻ അതിന് പോകാറില്ല. ഗരുഡൻ സെറ്റിൽ മൂന്ന് ദിവസം പോയി. അതിൽ മൂന്നാമത്തെ ദിവസം ലിസ്റ്റിൻ നിർബന്ധിച്ചിട്ട് ഞാൻ വെറുതെ പോയി. കാരണം അരുൺ വർമയെ എനിക്കറിയാം, അവൻ ചെയ്യും എന്നും എനിക്കറിയാം.

ഫീനിക്സിന്റെ സെറ്റിൽ പൂജയുടെ ദിവസം പോയി. പിന്നെ ഞാൻ പോയിട്ടില്ല. പക്ഷേ അതിൻ്റെ ഔട്ടിൽ ഞാൻ ഹാപ്പിയാണ്. ഗരുഡൻ വേറെ ഫീനിക്സ് വേറെ അബ്രഹാം ഓസ്‌ലെർ വേറെ,’ മിഥുൻ മാനുവൽ പറഞ്ഞു.

Content Highlight: Mithun Manuel also says that he does not go to the sets of the film for which he is writing the script