വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രക്രിയകൾ വൈകിപ്പിക്കാൻ നീക്കങ്ങളുമായി സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ. ട്രംപിന് നിയമപരമായി തയ്യാറെടുക്കാൻ അധികം സമയം നൽകാൻ ഇംപീച്ച് പ്രക്രിയകൾ വൈകിപ്പിക്കാനാണ് മിച്ച് മക്കോണൽ ശ്രമിക്കുന്നത്.
ജനുവരി ആറിലെ ക്യാപിറ്റോൾ കലാപത്തെ തുടർന്നാണ് യു.എസ് ജനപ്രതിനിധി സഭയിൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ജോ ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ സെനറ്റിലെ ഇംപീച്ച്മെന്റ് നടപടികൾ വേഗത്തിലാക്കാൻ ഡെമോക്രാറ്റുകൾ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് മിച്ച് മക്കോണൽ ഇംപീച്ച്മെന്റ് നടപടി വൈകിപ്പിക്കാൻ ശ്രമിക്കുന്നത്.
കുറച്ച് സമയം നടപടിക്രമങ്ങൾ വൈകിപ്പിക്കാൻ സാധിച്ചാൽ ട്രംപിന് തയ്യാറെടുക്കാനും നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും സമയം ലഭിക്കുമെന്നാണ് മിച്ച് മക്കോണൽ സെനറ്റിലെ മറ്റ് റിപ്പബ്ലിക്കൻ അംഗങ്ങളോട് അറിയിച്ചത്.
അതിനിടെ ഫെബ്രുവരി മധ്യത്തിൽ മാത്രമേ ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രക്രിയകൾ സെനറ്റിൽ എടുക്കുകയുള്ളുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
197നെതിരെ 232 വോട്ടുകള്‍ക്കാണ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായത്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തിരുന്നു. 100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്‍മാര്‍ കൂടി പിന്തുണച്ചാൽ മാത്രമേ ഇംപീച്ച്മെന്റ് പാസാകുകയുള്ളൂ.
അമേരിക്കയുടെ 245 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റുകൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. ജനുവരി പതിനൊന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.
കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തരവാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.