മുംബൈ: മഹാരാഷ്ട്രയില്‍ നിന്നു കാണാതായെന്ന് അഭ്യൂഹങ്ങളുള്ള എന്‍.സി.പി എം.എല്‍.എ ദൗലത്ത് ദറോഡ വീഡിയോയുമായി രംഗത്ത്. താന്‍ സുരക്ഷിതനാണെന്നു വ്യക്തമാക്കുന്ന വീഡിയോയില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ പറയുന്നതിങ്ങനെ-
‘ഞാന്‍ സുരക്ഷിതനാണ്. ക്ലോക്ക് ചിഹ്നത്തിലാണു ഞാന്‍ തെരഞ്ഞെടുപ്പ് വിജയിച്ചത്. അതുകൊണ്ടുതന്നെ പാര്‍ട്ടി മാറുമോ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നില്ല. ശരദ് പവാറും അജിത് പവാറും എന്തു തീരുമാനമെടുത്താലും ഞാന്‍ അതിനൊപ്പം നില്‍ക്കും. അഭ്യൂഹങ്ങളില്‍ ആരും വിശ്വസിക്കരുത്.’
ഷാപുര്‍ എം.എല്‍.എയായ ദൗലത്തിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് ശനിയാഴ്ച കേസെടുത്തിരുന്നു. എന്‍.സി.പി തന്നെയാണു പരാതി നല്‍കിയത്. ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത തെക്കന്‍ രാജ്ഭവനിലെത്തിയ ദൗലത്തിനെ കാണാതായി എന്നാണു പരാതിയില്‍ പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച മകന്‍ കരണിനൊപ്പം തന്റെ മണ്ഡലത്തില്‍ നിന്നും പോയ ഇയാള്‍ മുംബൈയിലെത്തിയ ശേഷം ഒരു വിവരവുമില്ല എന്നാണ് പൊലീസ് പറഞ്ഞത്.
ദൗലത്തിനെ ശനിയാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് കരണ്‍ പറഞ്ഞിരുന്നത്. ശരദ് പവാറിനൊപ്പം നില്‍ക്കാന്‍ കരണ്‍ ദൗലത്തിനോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്നു കാണിച്ച് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റി.
50 മിനിറ്റ് നീണ്ടുനിന്ന വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. ഗവര്‍ണക്ക് മുമ്പാകെ നല്‍കിയ കത്തും നാളെ കോടതിയില്‍ ഹാജരാക്കണം. അതില്‍ ഒന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കത്താണ്.
രണ്ടാമത് അജിത് പവാര്‍ നല്‍കിയ കത്താണ്. എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ ഞാന്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കും എന്നാണ് കത്തില്‍ പറയുന്നത്.
വാദം തുടങ്ങുമ്പോള്‍ ബി.ജെ.പി -ശിവസേന സഖ്യം ഇപ്പോള്‍ ഇല്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളെല്ലാം അവസാനിപ്പിച്ചുവെന്നും ഇപ്പോഴുള്ളത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണെന്നും ശിവസേനക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചിരുന്നു.