സായ് പല്ലവിയും നാനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്യാം സിംഘ റോയി മികച്ച അഭിപ്രായങ്ങള്‍ നേടികൊണ്ടിരിക്കുകയാണ്. രണ്ട് കാലഘട്ടത്തെ അവതരിപ്പിച്ച സിനിമയിക്കായി രണ്ട് ഗെറ്റപ്പിലാണ് നാനി എത്തിയത്.
സായ് പല്ലവിയുടെ പ്രകടനത്തിനും പ്രശംസ ലഭിക്കുന്നുണ്ട്. ദേവദാസിയായ ‘റോസി’യെയാണ് സായ് പല്ലവി ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ സായ് പല്ലവി അവതരിപ്പിച്ച നവരാത്രി പൂജ നൃത്തം ഗംഭീരമായി എന്നാണ് പലരും പ്രശംസിച്ചത്.
എന്നാല്‍ ഈ റോളിലേക്ക് ആദ്യം കീര്‍ത്തി സുരേഷിനെയാണ് തീരുമാനിച്ചിരുന്നത്. രജനികാന്തിനൊപ്പം അണ്ണാത്തെയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനാലാണ് ശ്യാം സിംഘ റോയിയില്‍ അഭിനയിക്കാന്‍ തനിക്ക് സാധിക്കാഞ്ഞതെന്ന് പറയുകയാണ് കീര്‍ത്തി. ശ്യാം സിംഘ റോയിയുടെ റിലീസ് ദിവസം നാനിക്കും സായ് പല്ലവിക്കും കീര്‍ത്തി ആശംസകള്‍ നേര്‍ന്നിരുന്നു.
തെലുങ്ക് ചിത്രമായ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. ജനുവരി 28 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയിരുന്നു. നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദി, ജഗപതി ബാബു,, രാഹുല്‍ രാമകൃഷ്ണ, രമ പ്രഭ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം തിയേറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ളിക്‌സിലും ശ്യാം സിംഘ റോയി റിലീസ് ചെയ്തിരുന്നു. സായ് പല്ലവി, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍. ബംഗാളില്‍ നിന്നും വരുന്ന വിപ്ലവകാരിയായ ശ്യാം സിംഘാ റോയി എന്ന കഥാപാത്രത്തിനായി കിടിലന്‍ മേക്കോവറാണ് നാനി നടത്തിയത്.
രാഹുല്‍ സാന്‍കൃത്യാന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് വെങ്കട് ബൊയാനപള്ളിയാണ്. മിക്കി ജെ. മേയര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീല സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ, എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.