അടുത്ത കലോത്സവം മുതല്‍ നോണ്‍ വെജ് നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala News
അടുത്ത കലോത്സവം മുതല്‍ നോണ്‍ വെജ് നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2023, 8:46 am

കോഴിക്കോട്: കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

ഇറച്ചിയും മീനും വിളമ്പേണ്ട എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കോഴിക്കോട്ടെ കലാത്സവത്തിന് കുട്ടികള്‍ക്ക് ബിരിയാണി നല്‍കണമെന്നായിരുന്നു ആഗ്രഹമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി പഴയിടം മോഹനന്‍ നമ്പൂതിരിക്ക് മാത്രം കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനെതിരെയും വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കം വന്നത്.

കഴിഞ്ഞ 16 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കൗമാര പ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിളമ്പുന്നത് പഴയിടവും സംഘവുമാണ്.

അതിനിടെ, സ്‌കൂള്‍ കലോത്സവത്തില്‍ മത്സ്യ-മാംസ ഭക്ഷണം വേണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരണവുമായെത്തി.

കായികമേളയ്ക്ക് നോണ്‍ വെജ് ഭക്ഷണം തയ്യാറാക്കി വിളമ്പാറുണ്ട്. നോണ്‍ വെജ് നന്നായി പാചകം ചെയ്യാന്‍ അറിയാവുന്നവര്‍ തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സ്‌കൂള്‍ കലോത്സവ മേളയില്‍ പലപ്പോഴും പറയുന്നതിന്റെ ഇരട്ടി ആളുകള്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. കായിക മേളകളില്‍ അത്തരമൊരു പ്രശ്‌നമില്ല.

അതിനാല്‍ തന്നെ, ചിലര്‍ക്ക് നോണ്‍ വെജ് ഭക്ഷണം കിട്ടുകയും മറ്റു ചിലര്‍ക്ക് കിട്ടാതെ വരികയും ചെയ്യാം. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും.

മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വളരെ പെട്ടെന്ന് തയ്യാറാക്കാനാകും. ഭക്ഷണം തികയാതെ വന്നാല്‍ പെട്ടെന്നു തന്നെ തയ്യാറാക്കി വിളമ്പാനാകും.

കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണം വിളമ്പുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധരുമായി ചര്‍ച്ച വേണം,’ പഴയിടം പറഞ്ഞു.

Content Highlight: Minister V Sivankutty said non-veg will be provided from the next Kalolsavam