Kerala News
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ ശ്രമം; ഫോണ്‍ സംഭാഷണം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 20, 06:27 am
Tuesday, 20th July 2021, 11:57 am

ആലപ്പുഴ: എന്‍.സി.പി. പ്രാദേശിക നേതാവ് ഉന്നയിച്ച സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ശ്രമിച്ചതായി ആരോപണം. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.

മീഡിയ വണ്‍ ചാനലാണ് പരാതിക്കാരനുമായുള്ള സംഭാഷണം പുറത്തുവിട്ടത്. കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.

അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം, എന്നാണ് എ.കെ. ശശീന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നത്. എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Minister AK Shashindran attempt  to settle torture complaint ; Phone conversation out