ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര ലഖിംപൂര്‍ ഖേരിയിലെത്തി വോട്ട് ചെയ്തു. കനത്ത പൊലീസ് കാവലിലായിരുന്നു അജയ് മിശ്ര വോട്ട് ചെയ്യാനെത്തിയത്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അജയ് മിശ്ര പോളിംഗ് ബൂത്തിലെത്തിയത്. മാധ്യമ പ്രവര്‍ത്തകരെ പോലും അജയ് മിശ്രയുടെ സമീപത്തേക്ക് അടുപ്പിച്ചിരുന്നില്ല.
ലഖിംപൂര്‍ ഖേരിയില്‍ അജയ് മിശ്രയുടെ മകന്‍ കര്‍ഷകര്‍ക്ക് നേരെ കാറോടിച്ചു കയറ്റുകയും കര്‍ഷകരെ കൊലപ്പെടുത്തുകയും ചെയ്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോള്‍ വിരലുകള്‍ കൊണ്ട് ‘V’ (വിക്ടറി സൈന്‍) കാണിക്കുകയായിരുന്നു അജയ് മിശ്ര.
അജയ് മിശ്രയുടെ അടുത്തേക്ക് ആളുകള്‍ വരാന്‍ ശ്രമിച്ചതിന് പിന്നാലെ ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു.
ഫെബ്രുവരി 10നായിരുന്നു ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനിടയിലാണ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത് എന്നതും ചര്‍ച്ചയായിരുന്നു.
ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.
അതേസമയം, ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ കര്‍ഷകരുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പ്രതിക്കെതിരെ നിലവിലുള്ള തെളിവുകള്‍ അലഹബാദ് ഹൈക്കോടതി പരിഗണിച്ചില്ല, എന്നാണ് കുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞത്. ജാമ്യം ലഭിച്ചാല്‍ തന്റെ സ്വാധീനമുപയോഗിച്ച് പ്രതി കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന കാര്യം കോടതി പരിഗണിച്ചില്ലെന്നും കുടുംബം വാദിച്ചു.
ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന കേസ്.
ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെ്തിരുന്നു.
കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലായിരുന്നു. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിരുന്നു.
Content Highlight: Minister Ajay Mishra, Scores Of Cops, Chaos As He Votes In UP’s Lakhimpur