മമ്മൂക്കയോട് ടര്‍ബോയുടെ കഥ പറയാന്‍ പോയി; തിരിച്ചുവന്നത് ഓസ്‌ലറിന്റെ ഡേറ്റുമായി: മിഥുന്‍ മാനുവല്‍ തോമസ്
Entertainment
മമ്മൂക്കയോട് ടര്‍ബോയുടെ കഥ പറയാന്‍ പോയി; തിരിച്ചുവന്നത് ഓസ്‌ലറിന്റെ ഡേറ്റുമായി: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd May 2024, 10:26 pm

താന്‍ മമ്മൂട്ടിയോട് ടര്‍ബോയുടെ കഥ പറയാന്‍ പോയിട്ട് പിന്നീട് തിരിച്ചു വരുന്നത് അബ്രഹാം ഓസ്‌ലറിനുള്ള ഡേറ്റുമായാണെന്ന് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ജയറാമിനെ നായകനാക്കി ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ പറയൂവെന്ന് പറഞ്ഞ് മമ്മൂട്ടി ഓസ്‌ലറിന്റെ കഥ വെറുതെ തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്നും മിഥുന്‍ പറയുന്നു.

ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ്. ആ കഥാപാത്രം താന്‍ ചെയ്യട്ടേയെന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ താന്‍ ആദ്യം പറഞ്ഞത് വേണ്ടായെന്ന് ആയിരുന്നെന്നും പക്ഷെ പിന്നീട് ആ കഥാപാത്രം മമ്മൂട്ടി ചെയ്തത് നന്നായെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അന്ന് മമ്മൂക്കയുടെ അടുത്ത് ടര്‍ബോയുടെ കഥ പറയാന്‍ പോയതായിരുന്നു. പക്ഷെ കഥ പറയാനായി പോയ ഞാന്‍ അബ്രഹാം ഓസ്‌ലറിനുള്ള മമ്മൂക്കയുടെ ഡേറ്റുമായാണ് തിരിച്ചു വരുന്നത്. അതായത് രണ്ട് സിനിമക്കുള്ള ഡേറ്റുമായാണ് തിരിച്ചു വന്നത്. അന്ന് മമ്മൂക്ക ഓസ്‌ലറിന്റെ കഥ വെറുതെ എന്നെ കൊണ്ട് പറയിപ്പിച്ചതാണ്.

നീ ജയറാമിനെ വെച്ച് ചെയ്യാന്‍ പോകുന്ന പടത്തിന്റെ കഥയൊന്ന് പറഞ്ഞേയെന്ന് അദ്ദേഹം പറയുകയായിരുന്നു. ‘ആ കഥാപാത്രം ഞാന്‍ ചെയ്യട്ടേ’യെന്ന് മമ്മൂക്ക ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്ന് മറുപടിയും പറഞ്ഞു. കാരണം പടം അത് താങ്ങില്ലായിരുന്നു. പക്ഷെ പിന്നീട് പുള്ളി ആ കഥാപാത്രം ചെയ്തത് നന്നായെന്ന് തോന്നി,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരുങ്ങിയത് വൈശാഖിന്റെ സംവിധാനത്തിലാണ്. സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്.


Content Highlight: Midhun Manuel Thomas Talks About Abraham Ozler And Mammootty