റിസ്‌കുള്ള സ്‌ക്വാഡാണ് അവരുടേത്, പക്ഷെ ഏറ്റവും വലിയ ഭീഷണിയും അവരാണ്: മൈക്കല്‍ ക്ലര്‍ക്ക്
Sports News
റിസ്‌കുള്ള സ്‌ക്വാഡാണ് അവരുടേത്, പക്ഷെ ഏറ്റവും വലിയ ഭീഷണിയും അവരാണ്: മൈക്കല്‍ ക്ലര്‍ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 9:47 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്.

ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യ നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എന്നാല്‍ ലോകകപ്പ് ആര് നേടുമെന്നതിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലര്‍ക്ക്.

‘ഇന്ത്യ ഒരു റിസ്‌കുള്ള സ്‌ക്വാഡ് ആണ് തെരഞ്ഞെടുത്തതെന്ന് തോന്നുന്നു, ഓസ്‌ട്രേലിയ തെരഞ്ഞെടുത്തതില്‍ നിന്ന് വ്യത്യസ്തമായതും സ്പിന്നിന് അനുകൂലമായതുമാണ് ഇന്ത്യന്‍ സ്‌ക്വാഡ്. ഞാന്‍ കരുതുന്നത് സ്പിന്‍ ബൗളിങ്ങും എങ്ങനെ കരീബിയനില്‍ സ്പിന്‍ കളിക്കും എന്നതും ഇന്ത്യയുടെ വിജയത്തിന്റെ വലിയ ഭാഗമാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് ആര് നേടുമെന്നതില്‍ ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത് ഇന്ത്യ തന്നെയാണ്,’ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലര്‍ക്ക് പറഞ്ഞു.

2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

 

Content Highlight: Michael Clarke Talking About Indian Team