ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
10 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാല്‍ മാത്രമെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്നാണ് വിവരം.
ഉചിതമായ സമയത്ത് മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ എന്നാണ് നിര്‍ദ്ദേശം.
ഏപ്രില്‍ 29 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.