Advertisement
Movie news
എം.ജി.ആറിനെ മോശമായി ചിത്രീകരിക്കുന്നു; പാ. രഞ്ജിത്തിനും ആമസോണ്‍ പ്രൈമിനുമെതിരെ നോട്ടീസ് അയച്ച് എ.ഐ.എ.ഡി.എം.കെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 17, 07:08 am
Tuesday, 17th August 2021, 12:38 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി.ആറിനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ നിയമനടപടിയുമായി അണ്ണാ ഡി.എം.കെ. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തിനെതിരെയാണ് അണ്ണാ ഡി.എം.കെ രംഗത്ത് എത്തിയത്.

ചിത്രത്തില്‍ എം.ജി.ആറിനെ മോശമായി കാണിച്ചെന്നാണ് ആരോപണം. ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് കാണിച്ചാണ് സംവിധായകനും നിര്‍മ്മാതാവിനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിനും നോട്ടീസ് അയച്ചിരിക്കുന്നത്.

ഡി.എം.കെയെ ഉയര്‍ത്തിക്കാട്ടാനാണ് ചിത്രം ശ്രമിക്കുന്നത്. സംസ്ഥാനത്ത് മദ്യനിരോധനമടക്കമുള്ളവ കൊണ്ടുവന്നത് എം.ജി.ആര്‍ ആണെന്നും എന്നാല്‍ ചിത്രത്തില്‍ സത്യവിരുദ്ധമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അണ്ണാ ഡി.എം.കെ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസ് അയച്ച അണ്ണാ ഡി.എം.കെ നേതാവ് ജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 22 നാണ് സാര്‍പ്പാട്ട പരമ്പരൈ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.