മെസി വെറും മനുഷ്യൻ ഞങ്ങൾ നോക്കിക്കൊള്ളാം; നെതർലാൻഡ്സ് ഗോൾ കീപ്പർ
2022 FIFA World Cup
മെസി വെറും മനുഷ്യൻ ഞങ്ങൾ നോക്കിക്കൊള്ളാം; നെതർലാൻഡ്സ് ഗോൾ കീപ്പർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th December 2022, 6:54 pm

 

ഖത്തർ ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന നെതർലൻഡ്സിനെയാണ് നേരിടുന്നത്. ഡിസംബർ 10 ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മത്സര വിജയികൾക്ക് സെമി ഫൈനൽ ഉറപ്പിക്കാം.

അർജന്റീനക്കെതിരെയുള്ള മത്സരത്തിന് മുമ്പേ തന്നെ വാചക കസർത്തുമായി ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാൽ രംഗത്ത് വന്നിരുന്നു.

ഏറ്റവും മികച്ച ക്രീയേറ്റിവ് പ്ലെയറാണ് മെസിയെന്നും. എന്നാൽ പന്ത് നഷ്ടമായാൽ മെസി പിന്നീട് കളിയിൽ അധികം പങ്കെടുക്കില്ലെന്നും ആ അവസരം തങ്ങൾ കാത്തിരിക്കുകയുമാണെന്നായിരുന്നു വാൻ ഗാൽ വ്യക്തമാക്കിയത്.

കൂടാതെ മെസിയെ പൂട്ടാനറിയാമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. വാൻഗാലിനെ കൂടാതെ ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും അർജന്റീന മികച്ച ടീമാണെന്നും വ്യക്തമായ പ്ലാനോട് കൂടിയെ അവരെ തോൽപ്പിക്കാൻ സാധിക്കൂ എന്നും വ്യക്തമാക്കിയിരുന്നു.

ഇവർക്ക് പുറമെ നെതർലാൻഡ്സ് ഗോൾ കീപ്പർ ആൻഡ്രൈസ് നൊപ്പാർട്ടും അർജന്റീനയെയും മെസിയേയും പറ്റിയുള്ള തന്റെ അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

അർജന്റീനയുമായി ഷൂട്ടൗട്ടിൽ എത്തിയാൽ മെസിയെ എങ്ങനെ മറികടക്കും എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ” ഞാൻ അതിന് എപ്പോഴേ തയാറാണ്.അദ്ദേഹത്തിനും പിഴവ് പറ്റാം നമ്മൾ അത് മുന്നേ കണ്ടതാണ്. അദ്ദേഹവും നമ്മളെ പോലെ വെറും മനുഷ്യൻ മാത്രമാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം,’

ലോകകപ്പിൽ ഇതുവരെ മൂന്ന് ഗോളുകൾ സ്വന്തമാക്കിയ മെസി സൗദിക്കെതിരെയും പോളണ്ടിനെതിരെയും പെനാൽട്ടി നഷ്ടമാക്കിയിരുന്നു.

അതേസമയം അർജന്റീനയോട് ഏറ്റുമുറ്റിയ രണ്ട് എലിമിനേറ്റർ മത്സരങ്ങളിലും നെതർലാൻഡ്സ് പരാജയപ്പെട്ടിരുന്നു. 1978 ലോകകപ്പ് ഫൈനലിലായിരുന്നു ആദ്യ പരാജയം സംഭവിച്ചത്. 2014 ൽ സെമി ഫൈനലിലും ഡച്ച് പട പരാജയം രുചിച്ചു.

ഡിസംബർ 9 ന് നടക്കുന്ന ബ്രസീൽ-ക്രോയേഷ്യ മത്സര വിജയികളെയാണ് അർജന്റീന-നെതർലാൻഡ്സ് മത്സര വിജയികൾ സെമി ഫൈനലിൽ നേരിടുക.

Content Highlights:Messi is just a man we will win; Netherlands goalkeeper