എഫ്.ഐ.എഫ് പ്രോ (FIFPro 2022) മെന്‍സ് വേള്‍ഡ് ഇലവന്റെ 26 അംഗ ചുരുക്കപ്പട്ടികയില്‍ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഏഴ് അറ്റാക്കര്‍മാരുടെ ചുരുക്കപ്പട്ടികയിലാണ് ഇരുവരും സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.
ക്രിസ്റ്റ്യാനോക്കും മെസിക്കും പുറമെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍, ഫ്രാന്‍സിന്റെ അറ്റാക്കിങ് സ്പിയര്‍ഹെഡ് കിലിയന്‍ എംബാപ്പെ, നോര്‍വീജിയന്‍ ഇന്റര്‍നാഷണല്‍ എര്‍ലിങ് ഹാലണ്ട്, ബാഴ്‌സയുടെ പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ബാലണ്‍ ഡി ഓര്‍ ജേതാവ് കരീം ബെന്‍സെമ എന്നിവരാണ് മുന്നേറ്റ നിരയിലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
എട്ട് വീതം താരങ്ങള്‍ പ്രതിരോധ നിരയിലെയും മധ്യനിരയിലെയും ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അലിസണ്‍ ബെക്കര്‍, കോര്‍ട്ടിയസ്, എമിലിയാനോ മാര്‍ട്ടീനസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അവസാന മൂന്ന് ഗോള്‍കീപ്പര്‍മാര്‍.
ജൂഡ് ബെല്ലിങ്ഹാം, കാസെമിറോ, ഡി ബ്രൂയ്ന്‍, എന്‍സോ ഫെര്‍ണാണ്ടസ്, ഗാവി, ലൂക്കാ മോഡ്രിച്ച്, പെഡ്രി, ഫെഡ്രിക്കോ വാല്‍വെര്‍ഡെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മധ്യനിര താരങ്ങള്‍.
പുരുഷ താരങ്ങളുടെ മാത്രമല്ല, 2022ലെ മികച്ച ഇലവനായുള്ള വനിതാ താരങ്ങളുടെയും ചുരുക്കപ്പട്ടികയും എഫ്.ഐ.എഫ് പ്രോ തെരഞ്ഞെടുത്തിട്ടുണ്ട്.
എന്നും ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണ് മെസിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണോ മികച്ച താരമെന്നത്. മെസി ലോകചാമ്പ്യനായതിന് ശേഷവും ഈ തര്‍ക്കം അന്ത്യമില്ലാതെ തുടരുകയാണ്. രണ്ട് ഗോട്ടുകളും ഒരേ സമയം എപ്.ഐ.എഫ് പ്രോയുടെ വേള്‍ഡ് ഇലവനില്‍ വരുന്നത് കാണാനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.
ഇരുവരെയും കുറിച്ച് മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റായ റാമോണ്‍ കാല്‍ഡെറോണ്‍ പറഞ്ഞ വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയിലേക്കുയരുന്നുണ്ട്. ഇരുവരും മികച്ച താരങ്ങളാണെന്നും ഇരുവരുടെയും കളി ഒരേ കാലഘട്ടത്തില്‍ കാണാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
‘രണ്ട് പേരും വ്യത്യസ്തരായ കളിക്കാരാണ്. പക്ഷെ എനിക്ക് രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാണ്. നമ്മള്‍ സത്യത്തില്‍ ഭാഗ്യവാന്മാരാണ്. ഒരേ കാലഘട്ടത്തില രണ്ട് മികച്ച താരങ്ങള്‍ വ്യത്യസ്ത ടീമിനൊപ്പം കളിക്കുന്നത് കാണാന്‍ നമുക്ക് സാധിച്ചു.
അവര്‍ക്കും ക്ലബ്ബുകള്‍ക്കും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയാണവര്‍. പ്രഗത്ഭരായ രണ്ട് കളിക്കാര്‍, അവരെ പോലെ ഇനിയും ഒരുപാട് താരങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ എന്നായിരുന്നു കാല്‍ഡെറോണ്‍ പറഞ്ഞത്.
Content Highlight: Messi and Ronaldo included in short list of FIFPro