Advertisement
Film News
'റാണി'യാവാന്‍ മീര ജാസ്മിന്‍; ക്വീന്‍ എലിസബത്ത് ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 03, 07:04 am
Monday, 3rd April 2023, 12:34 pm

മീര ജാസ്മിന്‍ നായികയാവുന്ന ക്വീന്‍ എലിസബത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപെട്ട അച്ചുവിന്റെ അമ്മക്ക് ശേഷം മീരാ ജാസ്മിന്‍-നരേന്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയായാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും തിങ്കളാഴ്ച കൊച്ചി വെണ്ണല ട്രാവന്‍കോര്‍ ഓപ്പസ് ഹൈവേയില്‍ നടന്നു. വെള്ളം, അപ്പന്‍, പടച്ചോനെ ങ്ങള് കാത്തോളീ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ശ്വേതാ മേനോന്‍, രമേഷ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Content Highlight: meera jasmine starrer queen elizabeth first look