national news
ഹനുമാൻ ക്ഷേത്രത്തിൽ ഇറച്ചിക്കഷണം; സി.സി.ടി.വി പരിശോധിച്ച പൊലീസ് കണ്ടത് ഇറച്ചിക്കഷ്‌ണം കൊണ്ടിടുന്ന പൂച്ചയെ, വർഗീയ സംഘർഷത്തിന് അന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 06:27 am
Thursday, 13th February 2025, 11:57 am

ഹൈദരാബാദ്: ഹൈദരാബാദിലെ തപ്പച്ചബൂത്രയിൽ ബുധനാഴ്ച രാവിലെ ഹനുമാൻ ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതിനെ തുടർന്ന് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നാലെ സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതിയെ പൊലീസ് കണ്ടെത്തി.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു പൂച്ച ആട്ടിറച്ചിയുടെ കഷ്ണം ക്ഷേത്ര പരിസരത്ത് കൊണ്ടിട്ടതാണെന്ന് വ്യക്തമായി ഇതോടെ വർഗീയ ആരോപണങ്ങൾക്ക് അന്ത്യവുമായി.

ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതോടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രോഷാകുലരായി.  സംഭവം വർഗീയ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. പിന്നാലെ ക്ഷേത്ര ഭാരവാഹികളും ഭക്തരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി സി.സി.ടി.വി പരിശോധിച്ചതോടെയാണ് സംഭവത്തിന് വ്യക്തത വന്നത്.

മാംസക്കഷ്ണം കടിച്ചുകൊണ്ട് പൂച്ച ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

‘അന്വേഷണത്തിൽ, ക്ഷേത്രത്തിലെ വടക്കുഭാഗത്തുള്ള ക്യാമറയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു പൂച്ച മാംസക്കഷ്ണം കടിച്ച് പിടിച്ച് ക്ഷേത്രപരിസരത്തേക്ക് പ്രവേശിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ശിവലിംഗത്തിന് പിന്നിൽ മാംസം കൊണ്ടുവെച്ചത് പൂച്ച തന്നെയാണെന്ന് ദൃശ്യങ്ങളിലൂടെ മനസിലാക്കാം,’ ഡി.സി.പി ജി. ചന്ദ്ര മോഹൻ പറഞ്ഞു.

ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതിനായി നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 17 സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ ആരും ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നേരത്തെ തന്നെ പൂച്ചയോ നായയോ ആയിരിക്കാം ഇത് ചെയ്തതെന്ന് പൊലീസ് സൂചന നൽകിയിരുന്നു.

രാവിലെ ക്ഷേത്രത്തിന് പുറത്ത് ഏകദേശം 50 പേർ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി, ബി.ജെ.വൈ.എം, വി.എച്ച്.പി തുടങ്ങിയ ഹിന്ദുത്വ സംഘടനകളിൽ നിന്നുള്ള പ്രവർത്തകരായിരുന്നു കൂടുതലും. ഉച്ചവരെ പ്രതിഷേധം തുടർന്നെങ്കിലും പൂച്ചയാണ് ‘പ്രതി’യെന്ന് കണ്ടത്തിയതോടെ അവർ പിരിഞ്ഞ് പോയി.

 

Content Highlight: Meat in Hyderabad Shiva temple triggers protest; CCTV reveals culprit was a cat