പാരീസ്: യൂറോ കപ്പ് ക്വാര്‍ട്ടറിലെ തോല്‍വിയ്ക്ക് പിന്നാലെ ടീമില്‍ നിന്ന് തനിക്ക് കുറ്റപ്പെടുത്തല്‍ ഏല്‍ക്കേണ്ടി വന്നെന്ന് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ.
താനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന് കപ്പ് നേടാമായിരുന്നു എന്ന തരത്തിലുള്ള സന്ദേശം തനിക്ക് ടീമില്‍ നിന്ന് ലഭിച്ചുവെന്ന് എംബാപ്പെ വെളിപ്പെടുത്തി.
ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തില്‍ താരം ഷൂട്ടൗട്ടില്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു.
ദേശീയടീമിന് തന്നെ ആവശ്യമില്ലെന്ന് തോന്നിയാല്‍ താന്‍ ടീമില്‍ തുടരില്ലെന്നും യൂറോയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ശേഷം കുരങ്ങുവിളിയടക്കം നിരവധി അധിക്ഷേപങ്ങള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷമായിരുന്നു സ്വിറ്റ്സര്‍ലന്റിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഫലമൊന്നും വാങ്ങാതെ രാജ്യത്തിന് വേണ്ടി പന്ത് തട്ടാന്‍ താനൊരുക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ടീമിനകത്ത് ഒരു പ്രശ്നമാകാതിരിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ യൂറോയിലെ ഫ്രാന്‍സിന്റെ പരാജയത്തിന് ശേഷം ടീമിനകത്ത് ഞാനൊരു പ്രശ്നമായിത്തുടങ്ങിയെന്ന് എനിക്ക് തോന്നി. എന്റെ ഈഗോയാണ് ടീമിനെ തോല്‍വിയിലെത്തിച്ചത് എന്നും ഞാനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സ് ആ മത്സരത്തില്‍ വിജയിക്കുമായിരുന്നു എന്നുമെഴുതി ദേശീയ ടീമില്‍ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു,’എംബാപ്പെ പറഞ്ഞു.