ലോകകപ്പ് ഫുട്ബോൾ ആരവങ്ങൾ കെട്ടടങ്ങിയതോടെ ഇനി ക്ലബ്ബ് ഫുട്ബോൾ ഉത്സവത്തിന്റെ നാളുകളാണ്.
ലോകകപ്പിനോടനുബന്ധിച്ച് നിർത്തി വെച്ചിരുന്ന ബിഗ് ഫൈവ് ലീഗുകളടക്കം ഡിസംബർ, ജനുവരി മാസങ്ങളിലായി പുനരാരംഭിക്കപ്പെടുകയാണ്.
കൂടാതെ ജനുവരി മാസം തുറക്കുന്ന ട്രാൻസ്ഫർ വിൻഡോ കൂടി എത്തുമ്പോൾ ക്ലബ്ബ് ഫുട്ബോൾ ആവേശം അതിന്റെ അതിര് കടക്കും എന്ന് ഉറപ്പാണ്.
സമീപകാലത്ത് ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന രണ്ട് താരങ്ങളാണ് പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിങ് ഹാലണ്ടും.
പല പ്രമുഖ താരങ്ങളുടെയും ഫുട്ബോൾ ഇതിഹാസങ്ങളുടെയുമൊക്കെ റെക്കോർഡുകൾ ഇവർ തകർക്കും എന്നാണ് ഫുട്ബോൾ വിദഗ്ധർ അടക്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. ജർമൻ ക്ലബ്ബ് ബൊറൂസിയാ ഡോർട്മുണ്ടിൽ നിന്നും സിറ്റിയിൽ എത്തിച്ചേർന്ന ഹാലണ്ട് 14 മത്സരങ്ങളിൽ നിന്നും സിറ്റിക്കായി 18 ഗോളുകൾ ഇത് വരെ സ്വന്തമാക്കി കൂടാതെ അഞ്ച് ചാമ്പ്യൻസ് ലീഗ് ഗോളുകളും താരത്തിന്റെ പേരിലുണ്ട്.
അതേസമയം എംബാപ്പെ 12 ഗോളുകളാണ് പി.എസ്.ജി ക്കായി ഇത് വരെ ലീഗ് മത്സരങ്ങളിൽ നിന്നും ഈ സീസണിൽ സ്വന്തമാക്കിയത്. കൂടാതെ ഏഴ് ചാമ്പ്യൻസ് ലീഗ് ഗോളുകളും താരം നേടിയിട്ടുണ്ട്.
അതേസമയം ഒരു റെക്കോർഡിന്റെ പേരിൽ സാക്ഷാൽ ലയണൽ മെസിയുമായി യുവതാരങ്ങളായ എംബാപ്പെയേയും ഹാലണ്ടിനെയും താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ.
ഒരു സീസണിൽ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ഉപയോഗിച്ചാണ് ഈ താരതമ്യം നടത്തപ്പെടുന്നത്. ലയണൽ മെസി 2012ൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടി 69 മത്സരങ്ങളിൽ നിന്നും 91 ഗോളുകളും 24 അസിസ്റ്റും നേടി ഒരു വർഷത്തെ ഗോൾ നേട്ടത്തിൽ റെക്കോർഡ് ഇട്ടിരുന്നു.
എന്നാൽ 2022ൽ എംബാപ്പെയും ഹാലണ്ടും കൂടി 79 മത്സരങ്ങൾ കളിച്ചതിൽ നിന്നും ഇരുവർക്കും കൂടി നേടാൻ സാധിച്ചത് 81 ഗോളുകളാണ്. മെസിയെക്കാൾ പത്ത് മത്സരങ്ങൾ അധികം കളിച്ച ഇരുതാരങ്ങളും എന്നാൽ മെസി നേടിയതിനേക്കാൾ പത്ത് ഗോൾകൾ കുറച്ചാണ് സ്കോർ ചെയ്തിരിക്കുന്നത്.
മെസിയുടെ റെക്കോർഡുകൾ തകർക്കുമെന്ന് വിലയിരുത്തപ്പെട്ടവർ ഒത്ത് ചേർന്നിട്ടും മെസിയുടെ ഗോൾ നേട്ടത്തെ മറികടക്കാനാകുന്നില്ലെന്ന് മെസി ആരാധകർ വാദിക്കുമ്പോൾ. ഒരു കാലത്തും ഒരു റെക്കോർഡും നിലനിൽക്കില്ലെന്നും എന്നെങ്കിലും ആരെങ്കിലുമൊക്കെ അത് തകർക്കുമെന്നുമാണ് എതിർ പക്ഷം വാദിക്കുന്നത്.
കൂടാതെ ഹാലണ്ടിന്റെ ഫോം വെച്ച് നോക്കിയാൽ അദേഹം ഈ സീസണിൽ മെസിയുടെ റെക്കോർഡ് മറികടക്കുമെന്നും ഫുട്ബോൾ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
Prime Haaland and Mbappe vs Prime Messi☠️ pic.twitter.com/dLZFO0hFYu
— Barça Worldwide (@BarcaWorldwide) October 23, 2022
അതേസമയം മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്സയിലേക്ക് തിരിച്ചു പോകുന്നില്ലെന്നും പി.എസ്.ജിയിൽ തുടരുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ ആറ് മാസം കൂടിയുള്ള കരാർ മെസി ഒരു വർഷത്തേക്ക് നീട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Mbappé and Haaland together, but Messi’s record is not broken