Advertisement
Kerala News
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഒടുവില്‍ സ്പീക്കര്‍ സ്ഥാനത്തും ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 18, 09:24 am
Tuesday, 18th May 2021, 2:54 pm

പി. ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി തൃത്താല എം.എല്‍.എ, എം.ബി രാജേഷ് നിയമസഭാ സ്പീക്കറാവുന്നതോടുകൂടി അപൂര്‍വ്വ നേട്ടത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് കേരളം.

വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലഘട്ടം മുതല്‍ പി.ശ്രീരാമകൃഷ്ണന്‍ വഹിച്ച വിവിധ സ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായിട്ടാണ് എം.ബി രാജേഷ് എത്തിയത. ഒറ്റപ്പാലം എന്‍.എസ്.എസ് കോളെജില്‍ എസ്.എഫ്.ഐ നേതാവായിരുന്ന പി.ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായിട്ടാണ് എം.ബി രാജേഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുന്നത്.

പിന്നീട് പാലക്കാട് എസ്.എഫ്.ഐ പ്രസിഡന്റ് സ്ഥാനത്ത് ശ്രീരാമകൃഷ്ണന്‍ എത്തിയ സമയത്തായിരുന്നു എം.ബി രാജേഷ് ജില്ലാകമ്മറ്റിയംഗമാവുന്നത്. പി.ശ്രീരാമകൃഷ്ണന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയപ്പോള്‍ എം.ബി രാജേഷ് പാലക്കാട് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായി.

പിന്നീട് ഡി.വൈ.എഫ്.ഐ നേതൃസ്ഥാനങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് ആയി ശ്രീരാമകൃഷ്ണന് ശേഷം എം.ബി രാജേഷ് ആയിരുന്നു എത്തിയത്.

ഒടുവില്‍ സംസ്ഥാന നിയമസഭയിലെ സ്പീക്കര്‍ സ്ഥാനത്തും എം.ബി രാജേഷ് പി. ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി എത്തുകയായിരുന്നു. സ്പീക്കറായി തീരുമാനിക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് ഉള്ള പ്രതികരണത്തിലും എം.ബി രാജേഷ് ഈ അപൂര്‍വ്വത എടുത്ത് പറഞ്ഞു.

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ജൂനിയറായിരുന്നു ഞാന്‍. കോളേജിലും എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും എല്ലാം. അദ്ദേഹം ഏതെല്ലാം ചുമതലകള്‍ വഹിച്ചിട്ടുണ്ടോ പിന്നീട് അതെല്ലാം യാദൃശ്ചികമായിട്ട് ഞാനും വഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്പീക്കര്‍ പദവിയും അങ്ങനെ വരികയാണ്. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പഴയ സ്പീക്കര്‍മാരുടേയെല്ലാം പ്രവര്‍ത്തനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരിക്കും എന്റേയും പ്രവര്‍ത്തനം,’ എന്നായിരുന്നു എം.ബി രാജേഷിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  MB Rajesh Successor of P Sriramakrishnan in SFI and DYFI and finally as Speaker