മോദി ഇന്നലെ അയോധ്യയില്‍ പറഞ്ഞ പുതിയ ഇന്ത്യയുടെ വിളംബരമാണ് സജയ്‌ക്കെതിരായ കൊലവിളിയില്‍ മുഴങ്ങുന്നത്: എം.ബി രാജേഷ്
Kerala
മോദി ഇന്നലെ അയോധ്യയില്‍ പറഞ്ഞ പുതിയ ഇന്ത്യയുടെ വിളംബരമാണ് സജയ്‌ക്കെതിരായ കൊലവിളിയില്‍ മുഴങ്ങുന്നത്: എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2024, 11:08 am

കോഴിക്കോട്: എഴുത്തുകാരനും നിരൂപകനും അധ്യാപകനുമായ സജയ് കെ.വിക്കെതിരായ വധഭീഷണിയില്‍ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്.

രാകി മിനുക്കിയ കത്തികള്‍ കൊണ്ട് എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യം സംഘപരിവാര്‍ ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നെന്നും നിരൂപകനും പ്രഭാഷകനുമായ ഡോ. സജയ് കെ വിയ്‌ക്കെതിരായ വധഭീഷണി അതാണ് കാണിക്കുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.

ചിന്തയുടെ ആഴവും എഴുത്തിന്റെ ഗരിമയും കൊണ്ട് മലയാളത്തിലെ എണ്ണപ്പെട്ട നിരൂപകരില്‍ ഒരാളാണ് ഡോ. സജയ്. ഒരു പ്രസംഗത്തിന്റെ പേരിലാണ് പ്രസംഗം കഴിഞ്ഞ് താഴെയിറങ്ങിയയുടന്‍, ഒരു ആര്‍.എസ്.എസുകാരന്‍ കൈ പിടിച്ച് തിരിച്ച്, ഇനിയും ഇങ്ങനെ പ്രസംഗിച്ചാല്‍ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയത്.

ആ ഭീഷണി, കയറ്റാന്‍ പാകത്തില്‍ രാകിമിനുക്കി കയ്യിലുള്ള കത്തി, സജയ്ക്ക് നേരെ മാത്രമല്ല. എഴുതാനും പ്രസംഗിക്കാനും അഭിപ്രായങ്ങളും ആശയങ്ങളും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് നേരെയാണ്.

അതുറപ്പ് നല്‍കുന്ന ഭരണഘടനയ്ക്ക് നേരെയാണ്. സ്വതന്ത്ര ചിന്തയ്ക്ക് നേരെയാണ്. ഇന്നലെ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും പറഞ്ഞ പുതിയ ഇന്ത്യയുടെ വിളംബരമാണ് സജയ്‌ക്കെതിരായ ഈ കൊലവിളിയില്‍ മുഴങ്ങുന്നത്.

സജയ്‌ക്കെതിരായ ഈ ഭീഷണിയെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. സജയ്ക്ക് ഐക്യദാര്‍ഢ്യം, എം.ബി രാജേഷ് ഫേസ്ബുക്കില്‍ എഴുതി.

വടകര മണിയൂരില്‍ ജനതാ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു സംഭവം.

വായന കൈവിട്ടുപോയതിന്റെ ദുരന്തങ്ങള്‍ക്കാണ് വര്‍ത്തമാന കാല ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും വാത്മീകി രാമായണം വായിച്ചവര്‍ രാമനെ ഒരു കഥാപാത്രമായി മാത്രം കാണുമ്പോള്‍ അത് വായിക്കാത്തവരാണ് രാമനെ വിഗ്രഹമായി കാണുന്നതെന്നും സജയ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ധാരാളമായി വായിക്കുകയും എഴുതുകയും ചെയ്തിരുന്ന പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ് റുവെന്നും ഇന്നത്തെ പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതൃത്വം വായനയില്‍ നിന്ന് അകന്നുപോയതുകൊണ്ടാണ് വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള തീരുമാനങ്ങളെടുക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും അവര്‍ക്ക് കഴിയുന്നതെന്നും സജയ് പറഞ്ഞിരുന്നു. മോദി എത്ര പുസ്തകം വായിച്ചു എന്ന് അറിയില്ലെന്നും രാമായണം മുഴുവന്‍ അദ്ദേഹം വായിച്ചതായി അറിയില്ലെന്നും സജയ് പറഞ്ഞിരുന്നു.

വ്യക്തിപരമായ ഒരു ദുരനുഭവം എന്ന നിലയിലല്ല, മറിച്ച് ആര്‍ക്കും എപ്പോഴും നേരിടാവുന്ന ഫാസിസ്റ്റ് ഭീഷണിയുടെ വ്യക്തിഗതമായ ഒരു രൂപം എന്ന നിലയ്ക്കാണ് ഈ സംഭവത്തെ താന്‍ വിലയിരുത്തുന്നതെന്നായിരുന്നു തനിക്കെതിരായ ആക്രമണത്തില്‍ സജയ് പ്രതികരിച്ചത്.

Content Highlight: MB Rajesh About Attack Against Sajay