കോണ്‍ഗ്രസിന് തിരിച്ചടി; ഛത്തീസ്ഗഢില്‍ മായാവതി-അജിത് ജോഗി സഖ്യം
national news
കോണ്‍ഗ്രസിന് തിരിച്ചടി; ഛത്തീസ്ഗഢില്‍ മായാവതി-അജിത് ജോഗി സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2018, 8:00 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയായി ഛത്തീസ്ഗഢില്‍ മായാവതി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കുന്നു. ബി.എസ്.പി 35 സീറ്റുകളിലും അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് 55 സീറ്റുകളിലും മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. സഖ്യം ജയിച്ചാല്‍ അജിത് ജോഗിയാവും മുഖ്യമന്ത്രിയെന്നും മായാവതി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് ബി.എസ്.പിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബി.എസ്.പി ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഏഴുമുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. 90 സീറ്റുകളാണ് ഛത്തീസ്ഗഢ് അസംബ്ലിയിലുള്ളത്. ഇതേ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസുകാരനായ അജിത് ജോഗിയുമായി ബി.എസ്.പി സഖ്യം രൂപീകരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി.എസ്.പിയുമായി സഖ്യം ആലോചിക്കുന്ന കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ് ഛത്തീസ്ഗഢിലെ തീരുമാനം.

ബി.എസ്.പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു.

നിലവില്‍ ഛത്തീസ്ഗഢിലെ 10 റിസര്‍വേഷന്‍ സീറ്റുകളില്‍ ഒമ്പതെണ്ണം ബി.ജെ.പിയുടെ കൈകളിലാണ്. ബി.എസ്.പിയെ ഉപയോഗിച്ച് ഇത് തിരിച്ചു പിടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. കോണ്‍ഗ്രസ്-ബി.ജെ.പി മത്സരമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ മായാവതിയുടെ പുതിയ നീക്കത്തിലൂടെ ത്രികോണ മത്സരത്തിന് സാധ്യതയൊരുങ്ങിയിരിക്കുകയാണ്.