'കോളനിവാണ'മെന്ന വംശീയാക്രമണം കൊണ്ട് തളരുന്നതല്ല ദളിത് ഉണര്‍വുകളും പ്രതിരോധങ്ങളും
DISCOURSE
'കോളനിവാണ'മെന്ന വംശീയാക്രമണം കൊണ്ട് തളരുന്നതല്ല ദളിത് ഉണര്‍വുകളും പ്രതിരോധങ്ങളും
മായ പ്രമോദ്
Wednesday, 3rd June 2020, 9:21 pm

‘നിങ്ങള്‍ എന്തിനാണ് എന്നെ നോക്കി കൊണ്ടിരിക്കുന്നത് ഞാന്‍ ഇവിടെ താമസിക്കാന്‍ വന്നതല്ല’

വംശീയ അധിക്ഷേപത്തിന് പ്രതിരോധം തീര്‍ത്തുകൊണ്ട് ലോക പ്രശസ്ത ആഫ്രോ- അമേരിക്കന്‍ എഴുത്തുകാരിയായ മായ ആഞ്ചലോ തന്റെ ആത്മകഥാ പരമ്പരയില്‍ എഴുതിയ ആദ്യ വരികളാണ് മുകളില്‍ കൊടുത്തത്.

ഫേസ്ബുക്, ടിക്‌ടോക് തുടങ്ങിയ നവമാധ്യമങ്ങളില്‍ മറ്റുള്ളവരെ ഇകഴ്ത്തുന്നതിനും തരം താഴ്ത്തുന്നതിനുമായി ‘കോളനിവാണം’ എന്ന പ്രയോഗം ഉപോയിച്ചുവരുന്നത് ചര്‍ച്ചയാവുകയാണ്. കേരളത്തിലെ മുപ്പതിനായിരത്തോളം വരുന്ന ദളിത് കോളനികളും, എണ്ണായിരത്തോളം വരുന്ന ആദിവാസി കോളനികളും ആദ്യമായല്ല ഇത്തരത്തില്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നത്.

‘കോളനി വാണം’ പോലെ ഉള്ള പദങ്ങള്‍ വംശീയ അധിക്ഷേപത്തിന്റെ ആദ്യ പ്രയോഗങ്ങളുമല്ല, നവമാധ്യമങ്ങള്‍ ഇതിനൊരു കാരണവുമല്ല. മറിച്ച് പുരോഗമനപരമെന്ന് പറയുന്ന കേരളീയ സമൂഹത്തില്‍ ഇന്നും നില നില്‍ക്കുന്ന വംശീയവും ജാതീയവുമായ മനോഭാവങ്ങള്‍ ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഫലിക്കുന്നതാണ്.

കോളനികള്‍ ഉണ്ടായ കാലം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും പൊതുസമൂഹവും, മുഖ്യധാരാ രാഷ്ട്രീയവും കൊണ്ടുനടക്കുന്ന സാമൂഹിക- രാഷ്ട്രീയ മനോഭാവമാണിത്. കോളനികളില്‍ ജീവിക്കേണ്ടി വരുന്ന ഈ സാമൂഹികവിഭാഗങ്ങള്‍ കോളനിക്ക് പുറത്തുള്ള പൊതു സ്ഥലങ്ങളിലാണെങ്കിലും അവര്‍ മറ്റൊരു പദവുമായി വരും. കാരണം ദലിത് – ആദിവാസി വിഭാഗങ്ങളുടെ ജാതീയമായ പദവിയാണ് ഇതിലെ മുഖ്യ ഘടകം.

എന്റെ ഓര്‍മകളില്‍ ഞാന്‍ ജനിച്ചതും 22 വയസ്സുവരെ ജീവിച്ചതും കോളനിയിലാണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഞങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത് തന്നെ ഞങ്ങളുടെ കോളനികളുടെ പേരുകളോ, വസ്ത്രധാരണരീതിയോ ഒക്കെ ആയിരുന്നു. ചുവന്ന വസ്ത്രം ധരിച്ചാല്‍ അത് ‘പെല’കളര്‍ ആയി മാറുകയും, കറുപ്പ്, മഞ്ഞ, ചുവപ്പ് കുറികള്‍ തൊട്ടാല്‍ അവര്‍ ‘പൂച്ചകള്‍’ ആയി മാറുകയും ചെയ്യുമായിരുന്നു. ഈ പൂച്ചകള്‍ എന്ന പദം ആണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്ന വംശീയ അധിക്ഷേപം.

കോളനികള്‍ എന്തോ ക്രിമിനലൈസ് ചെയ്യപ്പെട്ട, സാംസ്‌കാരിക മൂല്യങ്ങളൊന്നുമില്ലാത്ത ഇടങ്ങളാണ് എന്ന് പൊതുസമൂഹത്തെ തോന്നിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയപരിസരങ്ങളില്‍ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. സചിവോത്തമപുരം, വര്‍ക്കല തുടങ്ങിയ വിഷയങ്ങളില്‍ നിന്നും മനസ്സിലായിട്ടുള്ളതാണ് ഇത്.

എന്നാല്‍ യാഥാര്‍ത്ഥത്തില്‍ കോളനികളിലെ ഒരോ ജീവിതങ്ങളും പങ്കുവെക്കലുകളുടേതാണ്. കഷ്ടപ്പാടും, ദുരിതവും, സന്തോഷവും അവര്‍ പങ്കുവെക്കുന്നു, മനസിലാക്കുന്നു. തങ്ങളിലൂടെ ഒരോരുത്തരും അതിജീവിക്കണം എന്ന് കരുതി പ്രവര്‍ത്തിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ കാലങ്ങളായി കണ്ടു വരുന്ന വംശീയാധിക്ഷേപങ്ങളുടെ ഭീകരമായൊരു രൂപം തന്നെയാണ് ‘കോളനി വാണം’ എന്ന പ്രയോഗം. പക്ഷേ, ഒരു ജനതയുടെ സംസ്‌കാരിക സമ്പത്തിനെയും സാമൂഹിക രൂപീകരണത്തെയും തകര്‍ക്കാന്‍ ആ പദംകൊണ്ട് കഴിയുകയില്ല.

എന്നാല്‍ അത് സമൂഹത്തിലുണ്ടാക്കുന്ന വംശീയ അധിക്ഷേപത്തിന്റേ തീവ്രതയെ ലളിതവത്കരിക്കുകയും ട്രോളുകള്‍ ആയും വീഡിയോകള്‍ ആയും മീമുകളായും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസരിപ്പിക്കുകയും അതുവഴി ചെറുതല്ലാത്ത ഒരു വിഭാഗമെങ്കിലും ഈ വംശീയ പദത്തിന്റെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങില്‍ അകപ്പെടുകയും ചെയ്യും.

(Social distancing – കേവലം ഒരു പാന്‍ഡമിക് പദം അല്ല മറിച്ച് കാലങ്ങളായി ഇന്ത്യയിലേയും, കേരളത്തിലേയും ദലിത്-ആദിവാസി, ട്രാന്‍സ്‌ജെന്‍ഡര്‍, മത്സ്യ തൊഴിലാളി വിഭാഗങ്ങള്‍ അനുഭവിക്കുന്ന, സോഷ്യല്‍ ലോക്കേഷന്‍ ചെയ്യപ്പെട്ടു നിര്‍ണയിക്കുന്ന ഒരു പദം കൂടിയാണ് )

ട്രോളുകള്‍ നിര്‍മ്മിക്കുന്നതിലും മീമുകള്‍ നിര്‍മ്മിക്കുന്നതിലും തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളിലെയോ കോമഡികളിലെയോ കറുത്ത ശരീരങ്ങളെ ആണ് ശ്രദ്ധിക്കേണ്ടത്. സലിംകുമാറിന്റേ പ്രത്യേക മാനറിസങ്ങള്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങി ‘ആക്ഷന്‍ ഹീറോ ബിജു ‘ പോലുള്ള സിനിമകള്‍ ഉദ്പാതിപ്പിക്കുന്ന വംശീയത വരെ.

ഏഷ്യാനെറ്റിലെയും മറ്റും കോമഡി സ്‌കിറ്റുകളിലെ പല കറുത്ത മുഖങ്ങളും കോളനികളില്‍ ജീവിക്കുന്നവരെയും കറുത്ത ശരീരം ഉള്ളവരെയുമാണ് ട്രോളുകളില്‍ പ്രതിനിധീകരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ഒക്കെ സവര്‍ണത ഉയര്‍ത്തിപ്പിടിക്കുന്ന സദാചാര സംരക്ഷകരായ സാംസ്‌കാരിക മൂല്യമുള്ളവരായി അവതരിക്കപ്പെടുന്നു.

മുടി നീട്ടി വളര്‍ത്തി കളര്‍ ചെയ്തവര്‍, കാതില്‍ കമ്മല്‍ ഇട്ടവര്‍, കൈയ്യില്‍ പല വിധ ബാന്‍ഡ് കെട്ടിയവര്‍, പല നിറത്തിലുള്ള കുറി തൊട്ടവര്‍ എന്നിവരെയെല്ലാം ‘കോളനി വാണം ‘ എന്ന് അധിക്ഷേപിച്ചു കൊണ്ടാണ് യുട്യൂബര്‍ ആയ അര്‍ജു അയാളുടെ വീഡിയോയിലൂടെ എത്തിയത്. വംശീയതയെ ആസ്വദിക്കാന്‍ കഴിയുന്ന പ്രേക്ഷകരുടെ ഒരു വലിയ കൂട്ടമാണ് ഇയാളുടെ വീഡിയോയ്ക്ക് വലിയ പിന്തുണ നേടിക്കൊടുത്തത് എന്നതും കാണാന്‍ സാധിക്കും.

മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട വിനായകന്റെ നാട് കൂടിയാണ് ഇത് എന്നാണ് ആ കാണികളോട് പറയാന്‍ ഉള്ളത്. വിശന്നു വയറെരിഞ്ഞപ്പോള്‍ കുറച്ച് അരിയും മുളകുപൊടിയും എടുത്തതിന്റെ പേരില്‍ ക്രുരമായി കൊല ചെയ്യപ്പെട്ട മധുവും ജീവിച്ചിരുന്നത് ‘പുരോഗമന കേരളം’ എന്ന് ഉദ്‌ഘോഷിക്കുന്ന ഇവിടെ തന്നെയായിരുന്നു. ‘അന്‍പത് രൂപേടെ ഹെഡ്‌സെറ്റ് വെച്ചവന്‍’ എന്നൊക്കെ ആളുകളെ പരിഹസിക്കുന്നതിലുടെ, അവരുടെ സാമൂഹിക പശ്ചാത്തലത്തെ കൂടിയാണ് ഇവരെ പോലെയുള്ളവര്‍ വംശീയമായി അധിക്ഷേപിക്കുന്നത്.

ഈ വംശീയ അധിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ് അങ്കമാലി സ്വദേശിയായ ഒരു മുന്‍ അധ്യാപകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹം മുന്‍പ് പഠിപ്പിച്ച വിദ്യാര്‍ത്ഥികളിലൊരാള്‍ സമൂഹ്യ മാധ്യമത്തില്‍, അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ പരിമിതികളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് താന്‍ അന്ന് പഠിപ്പിച്ചിരുന്നത് കുന്നുകളിലെ കോളനിയില്‍ നിന്നും വരുന്നവരെയായിരുന്നുവെന്നും അവര്‍ക്ക് തന്തയാരെന്നു പോലും അറിയില്ല എന്നുമാണ്. എന്തു തന്നെ പറഞ്ഞാലും ആ മഹാന്‍ പഠിപ്പിച്ച് മടുത്തു നിര്‍ത്തി VRS എടുത്തത് നന്നായി ഇല്ലായെങ്കില്‍ ആ സ്‌കൂളിലെ കുട്ടികള്‍ തന്നെ ഇയാളെ ‘അധ്യാപനം’ പഠിപ്പിച്ചേനേ.

ഇത്തരം സാമൂഹിക, മാനസിക, ഡിജിറ്റല്‍ വംശീയതകളെയെല്ലാം മറി കടന്നു കൊണ്ട് ഒരു വ്യക്തിയുടെ നിറം, ശരീരവണ്ണം, പ്രായം, ലിംഗപദവി എന്നിവയുടെയെല്ലാം പേരില്‍ തങ്ങള്‍ക്ക് യാതൊരു നിബന്ധനകളുമില്ലാതെ, ആ ഇടത്തില്‍ നില്‍ക്കുന്ന സകലമാന സവര്‍ണ്ണ സാമാന്യ, സദാചാര പൊതുബോധത്തെയും തള്ളികൊണ്ട് ഒരു കൂട്ടം മനുഷ്യര്‍ അവരുടെ കഴിവുകള്‍ മൊബൈല്‍ ക്യാമറയ്ക്ക് മുന്‍പിലൂടെ ലോകത്തിനു മുന്‍പ്പില്‍ തുറന്നിട്ടത് റ്റിക്ക് -റ്റോക്ക്, ഫേസ്ബുക്ക് പോലുള്ള ഇടങ്ങളിലൂടെയാണ്.

ചെറിയ വീടുകളുടെയും കോളനികളിലുടെയും, തേയ്ക്കാത്ത വീടുകളുടെ മുന്‍പില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവര്‍ ആ പ്രകടനങ്ങള്‍ കാഴ്ച വെക്കുന്നതും ചോദ്യം ചെയ്യുന്നതും. തൊഴിലുറപ്പ് തുടങ്ങി സമൂഹത്തിന്റെ സകലമാന ഇടങ്ങളിലും ജീവിക്കുന്ന ഒരോ മനുഷ്യരും അവിടെ വരികയും കാണുകയും, വ്യൂവേഴ്‌സ് കണക്ക് പതിനയ്യായിരവും, ഇരുപതിനായിരവുമൊക്കെ കടക്കുകയും ചെയ്യുന്നത് വലിയൊരു ആത്മവിശ്വാസം തരുന്നുണ്ട്.

ഇവിടെ തന്നെയാണ് അവരെ മനുഷ്യര്‍ ആയി എല്ലാവരും കണ്ടാ മതി പറഞ്ഞ് പൊതു സമൂഹം വരുന്നത് എന്നതും പ്രസക്തമാണ്. ശ്രീധന്യയുടെ വിഷയത്തില്‍ നോക്കിയാല്‍ അവരെ ആദിവാസി എന്നു പറയാതെ മനുഷ്യന്‍ എന്നു പറഞ്ഞാല്‍ മതി എന്ന് പറയുമ്പോള്‍ തന്നെ ആ വ്യക്തിയുടെ സമുദായ /ചരിത്ര അസ്ഥിത്വം തന്നെ റദ്ദ് ചെയ്യുകയും.

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യാപ്പെടാനും വംശീയ അധിക്ഷേപത്തിനും ഉള്ള സ്‌പെയ്‌സ് ഉണ്ടാക്കി കൊടുക്കുകയുമാണ് ചെയ്യുന്നത്. നേരേമറിച്ച് ഞാനും ഉള്‍പ്പെടുന്നതാണ് ഈ സമുദായം എന്ന് പറയുന്നതിലൂടെ ഇത്തരം വംശീയമായ അധിക്ഷേപങ്ങള്‍ ആ സാമൂദായിക മനുഷ്യരാല്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ചരിത്രപരമായി ഉള്ള ഈ ചോദ്യം ചെയ്യലുകളിലൂടെ തന്നെയാണ് നവോത്ഥാനകാലം മുതല്‍ ദലിത് ചിന്താധാര ഇവിടെ ഉയര്‍ന്നിട്ടുള്ളത്. ഒറ്റമുണ്ട് ഉടുക്കേണ്ട അടിമകാലത്ത്, മുണ്ടും മേല്‍വസ്ത്രവും തലപ്പാവും ധരിച്ചു കൊണ്ടാണ് മഹാത്മ അയ്യന്‍കാളി വില്ലുവണ്ടിയിലേറി ബാലരാമപുരം തെരുവീഥികളിലൂടെ, സവര്‍ണ്ണ ജാതി വംശീയതയുടെ മേല്‍ നടന്നുകയറിയത്.

വൃത്തിയുടെയും വിദ്യാഭ്യാസത്തിന്റെയും പാഠം പഠിപ്പിച്ചു കൊണ്ട് പൊയ്കയില്‍ അപ്പച്ചന്‍ നടന്നുകയറിയത് കോളോണിയല്‍ ആധുനികതയില്‍ ലഭ്യമായ മിഷിനറി സ്വാധിനം കൊണ്ട് ആയിരുന്നില്ല മറിച്ച്, അത് സ്വന്തം ജനതയുടെ, സഞ്ചാര സ്വാതന്ത്ര്യത്തിനും, കഴിക്കുന്ന ഭക്ഷണവും, നടക്കുന്ന വഴിയും, ഇടുന്ന വസ്ത്രവുമടക്കം നല്‍ക്കുന്ന പൊളിറ്റിക്കലും, സാമൂഹികവും ആയ ഇടത്തിനു വേണ്ടിയുള്ള മുന്നേറ്റവും കൂടിയായിരുന്നു. ആ പിന്‍തുടര്‍ച്ച ചരിത്രം തന്നെയാണ് ഈ ഡിജിറ്റല്‍ കാലത്തെ സാമുഹിക മാധ്യമങ്ങളിലെ ജാതി- വംശവെറിയോടുമുള്ള ദലിത് – ആദിവാസി സമീപനവും.